കര്‍ണാലില്‍ ഇന്ന് കര്‍ഷകരുടെ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം, മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

Update: 2021-09-07 01:15 GMT

ഛണ്ഡിഗഢ്: കര്‍ണാലിലെ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണാല്‍ മിനി സെക്രട്ടേറിയറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുക. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപണമുയരുന്ന എസ്ഡിഎമ്മിനെതിരേ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എസ്ഡിഎമ്മിനെ സ്ഥലം മാറ്റിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മരിച്ച കര്‍ഷകനും പോലിസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും സഹായധനം അനുവദിക്കണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന് മഹാ പഞ്ചായത്ത് ചേരുന്നത്.

മഹാ പഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുകയാണ്. കൂടാതെ കര്‍ണാലില്‍ അടക്കം ആറ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച 12.30 മുതല്‍ ചൊവ്വാഴ്ച അര്‍ധ രാത്രി 11.59 വരെ കര്‍ണാല്‍ ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനമുണ്ടായിരിക്കില്ലെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധത്തിന്റെ മുന്നോടിയായുള്ള ക്രമസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. കര്‍ഷകരുടെ പ്രതിഷേധം ആളിക്കത്തിക്കാന്‍ ഇന്റര്‍നെറ്റ് വഴി ഊഹാപോഹങ്ങളും അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും ക്രമസമാധാനത്തിന് ഭീഷണിയാവുമെന്നും ഇത് മുന്നില്‍കണ്ടാണ് നിരോധനമെന്നും ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, പാനിപ്പത്ത് ജില്ലകള്‍ക്കും സമാനമായ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കര്‍ഷക സംഘടനകളും ജില്ലാ ഭരണകൂടവും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ടുപോവുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകരുടെ 'ഘെരാവോ' ആഹ്വാനം കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ക്രമസമാധാനം) നവ്ദീപ് സിങ് വിര്‍ക്ക് പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് കര്‍ഷക സംഘടനകളോട് ജില്ലാ മജിസ്‌ടേറ്റ് നിര്‍ദേശിച്ചു. സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പോലിസിനെ കര്‍ണാലിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. കേന്ദ്രസേനയെയും രംഗത്തിറക്കിയിട്ടുണ്ട്.

Tags:    

Similar News