എസ് പി ഓഫിസില്‍ പോലിസുകാരിയോട് മോശം പെരുമാറ്റം; വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി

Update: 2019-10-22 02:07 GMT

കല്‍പ്പറ്റ: എസ് പി ഓഫിസില്‍ വച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ വനിതാ പോലിസുകാരിയോടെ മോശമായി പെരുമാറിയെന്ന പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി. വയനാട് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസില്‍ സൈബര്‍സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന് ഓഫിസിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വനിതാ പോലിസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ വയനാട് എസ്പിക്ക് നിര്‍ദേശം നല്‍കിയത്.

    സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ വനിതാ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുടെ പരാതിയെതുടര്‍ന്ന് കഴിഞ്ഞദിവസം കലക്ടറേറ്റില്‍നടന്ന വനിതാ കമ്മീഷന്‍ പരാതി പരിഹാര അദാലത്തില്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിരുന്നു. പരാതി വളരെ ഗൗരവമുള്ളതാണെന്നു മനസ്സിലാക്കിയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. സംഭവത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നു അധ്യക്ഷ എം സി ജോസഫൈന്‍ വ്യക്തമാക്കി.




Tags:    

Similar News