'ലക്ഷ്മണ രേഖ ആരും മറികടക്കാന്‍ പാടില്ല'; രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രിംകോടതി ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര നിയമമന്ത്രി

Update: 2022-05-11 09:36 GMT

ന്യൂഡല്‍ഹി: വിവാദമായ രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രിംകോടതി ഉത്തരവില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. താന്‍ കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു. എന്നാല്‍, എല്ലാവര്‍ക്കും ബാധകമായ 'ലക്ഷ്മണ രേഖ' ആരും മറികടക്കാന്‍ പാടില്ല- എന്നാണ് ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ കേന്ദ്ര നിയമമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ വളരെ വ്യക്തമാക്കുകയും ഞങ്ങളുടെ പ്രധാനമന്ത്രിയുടെ (നരേന്ദ്രമോദി) ഉദ്ദേശ്യത്തെക്കുറിച്ച് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.

എന്നാല്‍, എല്ലാ സ്ഥാപനങ്ങളും ബഹുമാനിക്കേണ്ട ഒരു 'ലക്ഷ്മണരേഖ' ഉണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകളെയും നിലവിലുള്ള നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണ സഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാരും കോടതിയെ ബഹുമാനിക്കണം. ഞങ്ങള്‍ക്ക് വ്യക്തമായ അതിര്‍വരമ്പുണ്ട്. ലക്ഷ്മണ രേഖയെ ആരും മറികടക്കാന്‍ പാടില്ല- റിജിജു ഓര്‍മപ്പെടുത്തി. അതേസമയം, സുപ്രിംകോടതിയുടെ തീരുമാനം തെറ്റാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് റിജിജു ഒഴിഞ്ഞുമാറി.

വിവാദമായ രാജ്യദ്രോഹ നിയമം സര്‍ക്കാര്‍ പുനപ്പരിശോധിക്കുന്നതിനാല്‍ സ്‌റ്റേ ചെയ്യുമെന്നും കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നുമാണ് സുപ്രിംകോടതി വിധിയില്‍ പറഞ്ഞിരുന്നത്. ഭീകരവാദം പോലുള്ള കുറ്റങ്ങള്‍ ഉള്‍പ്പെട്ടേക്കാവുന്ന ഇത്തരം കേസുകള്‍ വിചാരണ കോടതികളില്‍ തുടരണമെന്ന കേന്ദ്രത്തിന്റെ വാദം സുപ്രിംകോടതി തള്ളി. കൊളോണിയല്‍ കാലത്തെ നിയമം താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. സെക്ഷന്‍ 124 എ (രാജ്യദ്രോഹം) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് കേന്ദ്രവും സംസ്ഥാനവും വിട്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News