വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമം, ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്; സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി ആന്റണി രാജു

Update: 2022-11-27 14:12 GMT

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപത്തിന് ശ്രമമെന്ന് മന്ത്രി ആന്റണി രാജു. പോലിസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. സമരക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ബാക്കിയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. യാഥാര്‍ഥ്യബോധത്തോടെ പെരുമാറാന്‍ സമരക്കാര്‍ തയ്യാറാവണം. സംഘര്‍ഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്.

പോലിസും സര്‍ക്കാര്‍ ഇതുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ആര്‍ച്ച് ബിഷപ്പാണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ ഭൂമിയില്‍ നിന്നും ലഭിച്ച പരാതിക്ക് പുറമേ, സ്വമേധയായും പോലിസ് കേസെടുത്തിട്ടുണ്ട്.

നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അക്രമത്തിനെത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കം എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വൈദികര്‍ അടക്കമുള്ള പ്രതികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും, ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. അമ്പതോളം വൈദികരുള്‍പ്പെടെ 95 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കുമെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരേ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരേ ഒരു കേസാണുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News