യുപി കൂട്ടക്കുരുതി: കാറോടിച്ചത് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍; വെളിപ്പെടുത്തലുമായി പരിക്കേറ്റ കര്‍ഷകന്‍

ഞങ്ങള്‍ സമാധാനപരമായി തിരിച്ചുപോവാന്‍ തുടങ്ങി. പെട്ടെന്നാണ് അതിവേഗത്തില്‍ പാഞ്ഞുവന്ന കാറുകള്‍ ഞങ്ങളെ പിന്നില്‍നിന്ന് ഇടിച്ചത്. കാര്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. അവര്‍ മനപ്പൂര്‍വം ഞങ്ങളെ കൊല്ലാന്‍ വന്നു. അജയ് മിശ്രയുടെ മകനും അവന്റെ ആള്‍ക്കാരും കാറിലുണ്ടായിരുന്നു.

Update: 2021-10-05 14:53 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിലേക്ക് കാറോടിച്ച് കയറ്റിയത് കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകനാണെന്ന വെളിപ്പെടുത്തലുമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കര്‍ഷകന്‍ രംഗത്ത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടാനിടയായ ദാരുണസംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് അപകടമുണ്ടാക്കിയ കാറോടിച്ചത് അജയ് മിശ്രയുടെ മകനാണെന്ന് ദൃക്‌സാക്ഷിയായ കര്‍ഷകന്‍ ആരോപിച്ചിരിക്കുന്നത്. 72 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുറ്റക്കാരനെ അറസ്റ്റുചെയ്യാത്തത് നിര്‍ഭാഗ്യകരമാണെന്ന് മേദന്തയിലെ ആശുപത്രിയില്‍ കഴിയുന്ന തജീന്ദര്‍ വിര്‍ക്ക് പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരേ തജീന്ദര്‍ വിര്‍ക്കിന്റെ നേതൃത്വത്തിലാണ് ഞായറാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നത്. 'ഇത് ഞങ്ങളെ കൊല്ലാനുള്ള ഗൂഢാലോചനയാണ്. ലഖിംപൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ അനുവദിക്കില്ലെന്ന് അജയ് മിശ്ര ഒരു പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരേ ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഞങ്ങള്‍ പോലിസും ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അദ്ദേഹം വരുന്ന വഴിയില്‍ കരിങ്കൊടി വീശാന്‍ ഞങ്ങള്‍ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മിസ്റ്റര്‍ വിര്‍ക്ക് എന്‍ഡി ടിവിയോട് പറഞ്ഞു. കേന്ദ്രമന്ത്രി വരുന്ന റൂട്ട് മാറ്റിയതായി മൂന്നുമണിക്ക് ഞങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ സമാധാനപരമായി തിരിച്ചുപോവാന്‍ തുടങ്ങി. പെട്ടെന്നാണ് അതിവേഗത്തില്‍ പാഞ്ഞുവന്ന കാറുകള്‍ ഞങ്ങളെ പിന്നില്‍നിന്ന് ഇടിച്ചത്. കാര്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. അവര്‍ മനപ്പൂര്‍വം ഞങ്ങളെ കൊല്ലാന്‍ വന്നു. അജയ് മിശ്രയുടെ മകനും അവന്റെ ആള്‍ക്കാരും കാറിലുണ്ടായിരുന്നു. കാറിടിച്ചപ്പോള്‍തന്നെ എനിക്ക് ബോധം നഷ്ടപ്പെട്ടു'- തജീന്ദര്‍ വിര്‍ക്ക് വിശദീകരിക്കുന്നു. കര്‍ഷകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം പിന്നീട് വാഹനവ്യൂഹത്തെ ആക്രമിക്കുകയായിരുന്നു.

ഞങ്ങളുടെ ആളുകള്‍ അവരില്‍ ചിലരെ രക്ഷിക്കുകയും പോലിസുകാരെ ഏല്‍പ്പിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയെ പുറത്താക്കണം. ഞാന്‍ സാക്ഷി പറയാന്‍ തയ്യാറാണ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അക്രമികളെ സഹായിക്കുന്നു- വിര്‍ക്ക് കൂട്ടിച്ചേര്‍ത്തു. വാഹനവ്യൂഹത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ക്കുന്നതും ഓടിപ്പോവുന്നതും കണ്ടതായി കര്‍ഷകനായ സിമ്രാന്‍ജിത് സിങ് പറയുന്നു. എന്നാല്‍, പ്രതിഷേധക്കാരെ ആക്രമിച്ച കാര്‍ ഓടിക്കുന്നത് ആരാണെന്ന് കാണാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരേ സമാധാനപരമായ പ്രതിഷേധം നടത്താനാണ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി അദ്ദേഹത്തെ കരിങ്കൊടി കാണിക്കാനായിരുന്നു പദ്ധതി.

എന്നാല്‍, മൂന്ന് മിനിറ്റിനുള്ളില്‍ കാറുകള്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി. ആളുകള്‍ വീണു. ഇതെല്ലാം വളരെ വേഗത്തില്‍ സംഭവിച്ചു. ഒരുകാറിന്റെ ഇരുവശത്തും പുരുഷന്‍മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. കാറുകള്‍ അതിവേഗത്തിലാണ് നീങ്ങിയത്. നിങ്ങള്‍ക്ക് വീഡിയോകളില്‍നിന്ന് ഇത് മനസ്സിലാക്കാനാവും. കാറില്‍നിന്ന് ഏഴോളം പേര്‍ പുറത്തുവന്ന് നിരന്തരം വെടിവയ്ക്കുന്നത് താന്‍ കണ്ടതായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News