കണ്ണന്‍ ഗോപിനാഥനു ആഭ്യന്തരമന്ത്രാലയത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ഐഎഎസ് പദവിയില്‍ നിന്നു രാജിവച്ച് രണ്ടു മാസത്തിനു ശേഷമാണ് തനിക്കെതിരേ വകുപ്പുതല അന്വേഷണത്തിനു ഉത്തരവിട്ടതെന്നു പരിഹസിച്ച് മെമ്മോ കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു

Update: 2019-11-06 18:03 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലും അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലും പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥനു ആഭ്യന്തര മന്ത്രാലയത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതില്‍ ധിക്കാരപരമായ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും അനുസരണക്കേട് പ്രകടിപ്പിക്കുകയും ചെയ്‌തെന്നു കാണിച്ചാണു നോട്ടീസ് നല്‍കിയിരിക്കുന്നത്. കൃത്യസമയം ഫയല്‍ ഹാജരാക്കിയില്ല, ഭൂഗര്‍ഭ കേബിള്‍ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ല, കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് സമര്‍പ്പിച്ചില്ല, പ്രധാനമന്ത്രിയുടെ എക്‌സലന്‍സ് പുരസ്‌കാരത്തിന് അപേക്ഷ നല്‍കിയില്ല, ഫയല്‍ നേരിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സമര്‍പ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി.

    ഐഎഎസ് പദവിയില്‍ നിന്നു രാജിവച്ച് രണ്ടു മാസത്തിനു ശേഷമാണ് തനിക്കെതിരേ വകുപ്പുതല അന്വേഷണത്തിനു ഉത്തരവിട്ടതെന്നു പരിഹസിച്ച് മെമ്മോ കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. രാഷ്ട്രീയ സ്വാധീനം ചെലുത്തരുതെന്നാണ് മെമ്മോയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രാലയത്തിനല്ലാതെ ആര്‍ക്കാണ് അമിത് ഷായെ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ ശേഷിയുള്ളത്. എനിക്ക് അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ ദയവായി കശ്മീരിലെ മൗലികാവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഞാന്‍ പറയുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍(എജിഎംയു) 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനുമായ കണ്ണന്‍ ഗോപിനാഥന്‍, ജമ്മു കശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആഗസ്ത് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.




Tags:    

Similar News