പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: പഞ്ചാബ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിയാണ് സുരക്ഷാ വീഴ്ചയിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Update: 2022-01-07 04:23 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പഞ്ചാബ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിയാണ് സുരക്ഷാ വീഴ്ചയിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സംസ്ഥാനത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പഞ്ചാബില്‍ ഉടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സേനയെ സ്ഥലത്ത് വിന്യസിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പ്രതിഷേധങ്ങളെ 'സ്വയമേവയുള്ളത്' എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 'തികച്ചും അസ്വീകാര്യമായ' ലംഘനമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതരമായ വീഴ്ചകള്‍ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം മൂന്നംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Tags: