കശ്മീരിനെയും കശ്മീരികളെയും ബഹിഷ്‌കരിക്കണം: വിവാദ പ്രസ്താവനയുമായി മേഘാലയ ഗവര്‍ണര്‍
കാശ്മീരി ജനതയെ ബഹിഷ്‌കരിക്കണമെന്നും അവരുല്‍പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങരുതെന്നും കശ്മീരുമായി ബന്ധമുള്ളതെന്തും ബഹിഷ്‌കരിക്കണമെന്നുമാണ് റിട്ട.കേണല്‍ തഥാഗത റോയി ആഹ്വാനം ചെയ്തത്.
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികള്‍ക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്ന പ്രതിഷേധം കശ്മീരികള്‍ക്കെതിരേ തിരിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് രാജ്യത്തെ സംഘപരിവാര ശക്തികള്‍. ജമ്മുവിലും ജാര്‍ഖണ്ഡിലും ചത്തീസ്ഗഢിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികളേയും വ്യവസായികളേയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്.
ഇതില്‍ ഒടുവിലത്തേതാണ് മേഘാലയ ഗവര്‍ണറുടേതായി പുറത്തുവന്ന വിവാദ പ്രസ്താവന.കാശ്മീരി ജനതയെ ബഹിഷ്‌കരിക്കണമെന്നും അവരുല്‍പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങരുതെന്നും കശ്മീരുമായി ബന്ധമുള്ളതെന്തും ബഹിഷ്‌കരിക്കണമെന്നുമാണ് റിട്ട.കേണല്‍ തഥാഗത റോയി ആഹ്വാനം ചെയ്തത്. ആരും കാശ്മീര്‍ സന്ദര്‍ശിക്കരുതെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. ട്വിറ്ററിലാണ് റോയി ഇക്കാര്യം പങ്കുവെച്ചത്.കശ്മീര്‍ സന്ദര്‍ശിക്കരുത്, അടുത്ത രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോവരുത്. കാശ്മീരില്‍ നിര്‍മിക്കുന്നതൊന്നും വാങ്ങരുത്, കശ്മീരുമായി ബന്ധപ്പെട്ടതൊക്കെ ബഹിഷ്‌കരിക്കണം എന്നാണ് ട്വിറ്ററില്‍ അദ്ദേഹം പങ്കുവച്ചത്.
സംഭവം വിവാദമായതോടെ തന്റേത് അക്രമരഹിതമായ നിര്‍ദേശമാണെന്ന അഭിപ്രായപ്രകടനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
സമാനമായി ഇന്ത്യക്കാരും ടൂര്‍ ഓപ്പറേറ്റേഴ്‌സും കശ്മീര്‍ ടൂറിസത്തെ രണ്ട് വര്‍ഷത്തേക്ക് ബഹിഷ്‌കരിക്കണമെന്ന ശിവസേന വക്താവ് മനിഷ കായന്‍ദെയും ആഹ്വാനം ചെയ്തിരുന്നു. അതിനിടെ, കാശ്മീരികള്‍ക്കുനേരെയുള്ള ആള്‍കൂട്ട ആക്രമത്തില്‍ ശക്തമായ നടപടി കൈക്കൊള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.