ഗുജറാത്തില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി ഉവൈസിയുടെ പാര്‍ട്ടി

Update: 2022-10-21 06:04 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തി അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി. അഹമ്മദാബാദില്‍ കഴിഞ്ഞദിവസമാണ് എഐഎംഐഎം നേതാക്കള്‍ ബദ്ധവൈരികളായ ബിജെപിയുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

കെമിക്കലി എന്‍ഹാന്‍സ്ഡ് പ്രൈമറി ട്രീറ്റ്‌മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നതെന്നാണ് ഇരു പാര്‍ട്ടി നേതാക്കളുടേയും അവകാശവാദം. എന്നാല്‍ അടച്ച മുറിയില്‍ നടന്ന ചര്‍ച്ച വിവാദമാവുകയും രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം അഹമ്മദാബാദ് മേയര്‍ കിരിത് പര്‍മറും ബിജെപി സിറ്റി ഇന്‍ചാര്‍ജും സംസ്ഥാന സഹ ട്രഷററുമായ ധര്‍മേന്ദ്ര ഷായുമടക്കമുള്ളവരും എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ സാബിര്‍ കബ്‌ലിവാലയും മറ്റ് നേതാക്കളും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.

അതേസമയം, യോഗം സ്ഥിരീകരിച്ച് മേയര്‍ രംഗത്തെത്തി. എഐഎംഐഎം ഓഫിസിലല്ല, ഡാനിലിംഡ ട്രീറ്റ്‌മെന്റ് പ്ലാന്റിലാണ് യോഗം നടന്നതെന്ന് പാര്‍മര്‍ പറഞ്ഞു. 166 കോടിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതി എങ്ങനെ വേഗത്തില്‍ പൂര്‍ത്തീകരിക്കാമെന്ന് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നും പാര്‍മര്‍ പറഞ്ഞു.

ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ടു മാത്രമാണ് ചര്‍ച്ച നടന്നതെന്ന് എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ കബ്‌ലിവാലയും പറഞ്ഞു. അതേസമയം, സംഭവത്തില്‍ ചോദ്യങ്ങളുന്നയിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.

കൂടിക്കാഴ്ചയെ ചോദ്യം ചെയ്ത് ട്വീറ്റിലൂടെ രംഗത്തെത്തിയ ആം ആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, ഇരു പാര്‍ട്ടികളും തമ്മിലുള്ള 'ഡീല്‍' സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News