ഹാഥ്‌റസ്: രാജ്യദ്രോഹക്കേസ് ചുമത്തിയ മൂന്നു പേരുടെ പുനരവലോകന ഹരജി കോടതി സ്വീകരിച്ചു

ജില്ലാ സെഷന്‍സ് ജഡ്ജി സാധന റാണി താക്കൂര്‍ (മഥുര) ആണ് പുനരവലോകന ഹരജി സ്വീകരിച്ചത്. ഹരജിയില്‍ നവംബര്‍ 27 ന് വാദം കേള്‍ക്കും.

Update: 2020-11-12 08:03 GMT

ഹാഥ്‌റസ്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ യുപി പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ നാലു പേരില്‍ മൂന്നു പേരുടെ പോലിസ് കസ്റ്റഡിക്കെതിരായ പുനരവലോകന ഹരജി കോടതി സ്വീകരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി സാധന റാണി താക്കൂര്‍ (മഥുര) ആണ് പുനരവലോകന ഹരജി സ്വീകരിച്ചത്. ഹരജിയില്‍ നവംബര്‍ 27 ന് വാദം കേള്‍ക്കും.

സവര്‍ണ ജാതിക്കാരുടെ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ കഴിഞ്ഞ മാസമാണ് ഇവരെ യുപി പോലിസ് അകാരണമായി അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കിയത്.

നവംബര്‍ 4ന് പോലിസ് കസ്റ്റഡി അനുവദിച്ച സിജെഎം കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചതെന്ന് ആതിഖുര്‍റഹ്‌മാന്‍, ആലം, മസൂദ് എന്നിവരുടെ അഭിഭാഷകന്‍ മധുബന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. സിജെഎം കോടതി നടപടി തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നതാണെന്ന് ചതുര്‍വേദി ചൂണ്ടിക്കാട്ടി.

അതേസമയം, മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദം അഡീഷണല്‍ സെഷന്‍സ് ജഡ്ജി മയൂര്‍ ജെയിനിന്റെ കോടതിയിലേക്ക് മാറ്റിയതായി ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ (ക്രൈം) ശിവ് റാം സിംഗ് പറഞ്ഞു. ഈ കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: