ലക്ഷദ്വീപില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; സ്‌പോര്‍ട്‌സ് സൊസൈറ്റിയില്‍ നിന്ന് ഒഴിവാക്കിയത് 151 പേരെ

മഴക്കാലമായതിനാല്‍ ലക്ഷദ്വീപില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവര്‍ത്തനങ്ങളും സ്‌പോര്‍ട്‌സ് യൂനിറ്റുകളില്‍ നടക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ 151 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നുമാണ് ഉത്തരവിലുള്ളത്.

Update: 2021-07-03 16:25 GMT

കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുമായി ഭരണകൂടം. സ്‌പോര്‍ട്‌സ് സൊസൈറ്റിയിലെ 151 താല്‍ക്കാലിക ജീവനക്കാരെയാണ് ഭരണകൂടം പുതുതായി പിരിച്ചുവിട്ടത്. ഇന്നാണ് ഇതു സംബന്ധിച്ച ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയത്.

മഴക്കാലമായതിനാല്‍ ലക്ഷദ്വീപില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവര്‍ത്തനങ്ങളും സ്‌പോര്‍ട്‌സ് യൂനിറ്റുകളില്‍ നടക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ 151 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നുമാണ് ഉത്തരവിലുള്ളത്. 2021 മാര്‍ച്ച് മുതല്‍ ഒരുവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും മുന്‍ വര്‍ഷം വളരെ പരിമിതമായ രീതിയിലാണ് ഇതു നടന്നതെന്നും സൊസൈറ്റിയുടെ സാമ്പത്തിക നില കൂടി പരിഗണിച്ചാണ് നടപടിയെന്നും ലക്ഷദ്വീപ് ടൂറിസം മാനേജിങ് ഡയറക്ടറായ എസ് അസ്‌കര്‍ അലി ഒപ്പുവച്ച ഉത്തരവില്‍ പറയുന്നു.

ആഗസ്റ്റ് അഞ്ചു മുതല്‍ രണ്ടു മാസക്കാലത്തേക്ക് മാത്രമാണ് സൊസൈറ്റിയില്‍ ഇത്തരം ജീവനക്കാരുടെ ആവശ്യമെന്നും ഉത്തരവിലുണ്ട്. ദ്വീപിലെയും കൊച്ചിയിലെയും കോഴിക്കോട്ടെയും ന്യൂഡല്‍ഹിയിലെയും സ്‌പോര്‍ട്‌സ് യൂനിറ്റ് മേധാവിമാര്‍ക്കാണ് ഉത്തരവ് അയച്ചത്.ഉത്തരവ് എല്ലാ യൂനിറ്റ് ഇന്‍ ചാര്‍ജുമാരും പാലിക്കണമെന്നും നിര്‍ദേശിക്കുന്നു.

കവരത്തിയിലെ സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസ്, കവരത്തിയിലെ തന്നെ യുടി ഗസ്റ്റ് ഗൗസ്, പാരഡൈസ് ഐലന്റ് ഹട്ട്, ആന്ത്രോത്തിലെ ഡാക്ക് ബംഗ്ലാവ്, അമിനിയിലെ ഡാക്ക് ബംഗ്ലാവ്, അഗത്തിയിലെ സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസ്, അഗത്തി എയര്‍പോര്‍ട്ട് കാന്റീന്‍, കല്‍പേനി റിസോര്‍ട്ട്, കടമത്ത് റിസോര്‍ട്ട്, മിനിക്കോയി റിസോര്‍ട്ട്, ബംഗാരം റിസോര്‍ട്ട്, കൊച്ചി ഓഫിസ്, കൊച്ചിയിലെ ട്രാന്‍സിറ്റ് അകൊമഡേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Tags:    

Similar News