'അച്ഛനും മകനും ഉടന്‍ ജയിലില്‍ പോവേണ്ടിവരും'; പിഎംസി ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെപി നേതാവിനെതിരേ ശിവസേന

Update: 2022-03-02 12:38 GMT

മുംബൈ: പിഎംസി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ബിജെപി നേതാവ് കൃതിക് സോമയ്യ, മകന്‍ നീല്‍ സോമയ്യ എന്നിവര്‍ക്കെതിരേ മുന്നറിയിപ്പുമായി ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. അച്ഛനും മകനും ഉടന്‍തന്നെ ജയിലില്‍ പോവേണ്ടിവരുമെന്നായിരുന്നു റാവത്തിന്റെ പ്രതികരണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നവരെ ജയിലിലേക്ക് അയക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കഴിയും.

പിഎംസി ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ബിജെപി നേതാവ് കൃതിക് സോമയ്യയുടെ മകന്‍ നീല്‍ സോമയ്യയെ അറസ്റ്റ് ചെയ്തത്. ''കുറ്റം ചെയ്തിട്ടില്ലെങ്കില്‍, എന്തിനാണ് അച്ഛനും മകനും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയിലേക്ക് പോവുന്നത് ?എന്റെ വാക്കുകള്‍ രേഖപ്പെടുത്തിവെച്ചോളൂ...ഞാന്‍ ആവര്‍ത്തിക്കുന്നു: അച്ഛനും മകനും ജയിലില്‍ പോവും. ഇവര്‍ക്ക് പുറമെ മൂന്ന് സെന്‍ട്രല്‍ ഏജന്‍സി ഉദ്യോഗസ്ഥരും അവരുടെ ഏജന്റുമാരും അഴിക്കുള്ളിലാവും. മഹാരാഷ്ട്ര ഒരിക്കലും തലകുനിക്കില്ല'- റാവത്ത് പറഞ്ഞു.

സോമയ്യ നീരവ് ഡെവലപേഴ്‌സില്‍ 260 കോടി രൂപ നിക്ഷേപിച്ചതായി റാവത്ത് ഒരാഴ്ച മുമ്പ് ആരോപിച്ചിരുന്നു. പിഎംസി ബാങ്ക് തട്ടിപ്പ് കേസിന്റെ മുഖ്യസൂത്രധാരന്‍മാര്‍ കൃതിക് സോമയ്യയും മകനുമാണെന്നാണ് സഞ്ജയ് റാവത്തിന്റെ ആരോപണം. പാല്‍ഘര്‍ ജില്ലയിലെ നിക്കോണ്‍ ഗ്രീന്‍ വില്ലെ പ്രോജക്ടിന്റെ ഡയറക്ടര്‍മാരാണ് മകന്‍ നീല്‍ സോമയ്യയും ഭാര്യ മേധയുമെന്നാണ് റാവത്ത് പറഞ്ഞത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നീല്‍ സോമയ്യ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഭരിക്കുന്ന മഹാവികാസ് അഘാഡി നേതാക്കളെ ലക്ഷ്യമിട്ട് മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ശിവസേന നേതാവ് ആരോപിച്ചു.

Tags:    

Similar News