മരട് ഉടമകള്‍ക്കുള്ള നഷ്ട പരിഹാരം: സമിതിയുടെ ആദ്യയോഗം ഇന്ന്

രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നല്‍കുന്ന പട്ടിക സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ കമ്മിറ്റിക്ക് കൈമാറും.

Update: 2019-10-10 04:25 GMT

കൊച്ചി: മരട് ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മൂന്നംഗ സമിതിയുടെ ആദ്യ യോഗം ഇന്നു എറണാകുളത്ത് ചേരും. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരാണ് സമിതി അധ്യക്ഷന്‍. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്‌ലാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നല്‍കുന്ന പട്ടിക സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ കമ്മിറ്റിക്ക് കൈമാറും. ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതി കൈകൊള്ളും.

ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ ഇന്നു കൊച്ചിയില്‍ എത്തും. വെള്ളിയാഴ്ച സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫ്‌ലാറ്റുകള്‍ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാര്‍ നല്‍കേണ്ട കമ്പിനികളെ തീരുമാനിക്കും.

അതേസമയം നിയമപ്രകാരമുള്ള എല്ലാ നടപടികള്‍ക്കും ശേഷമാണ് ഫഌറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഫഌറ്റ് നിര്‍മാതാക്കള്‍ ഉത്തരവാദിയല്ലെന്നും കെട്ടിട നിര്‍മാണ കമ്പനിയായ ആല്‍ഫ വെഞ്ചേഴ്‌സ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെട്ടിടനിര്‍മ്മാണത്തിന് മരട് പഞ്ചായത്തും കേരള ഹൈക്കോടതിയും അനുമതി നല്‍കിയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Similar News