മാവോവാദി നേതാവ് രൂപേഷ് വീണ്ടും നിരാഹാര സമരം ആരംഭിച്ചു

രൂപേഷിന്റെ പരാതികള്‍ കേട്ട ഡിജിപി ഋഷിരാജ് സിങ് നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രൂപേഷ് സമരം അവസാനിപ്പിരുന്നത്.

Update: 2019-07-24 09:47 GMT

വിയ്യൂര്‍: മാവോവാദി നേതാവ് രൂപേഷ് വീണ്ടും നിരാഹാര സമരം ആരംഭിച്ചു. തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ അവകാശങ്ങളൊന്നും തന്നെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രൂപേഷ് വീണ്ടും നിരാഹാരം ആരംഭിച്ചത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ തടവുകാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ രൂപേഷ് നേരത്തെ നിരാഹാര സമരം നടത്തിയിരുന്നു. രൂപേഷിന്റെ പരാതികള്‍ കേട്ട ഡിജിപി ഋഷിരാജ് സിങ് നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രൂപേഷ് സമരം അവസാനിപ്പിരുന്നത്.

സെല്ലില്‍ നിന്ന് രാവിലെ ഒന്നര മണിക്കൂറും വൈകീട്ട് ഒരു മണിക്കൂറും പുറത്തിറക്കാനും കോടതിയില്‍ ഹാജരാക്കി വരുമ്പോള്‍ നഗ്നരാക്കിയുള്ള പരിേശാധന നടത്തില്ലെന്നുമാണ് ഡിജിപി രൂപേഷിന് നല്‍കിയ ഉറപ്പ്. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് രൂപേഷിന്റെ കൂട്ടുകാരി ഷൈന ചൂണ്ടിക്കാട്ടുന്നു. രണ്ടര മണിക്കൂര്‍ സെല്ലിന് പുറത്തിറങ്ങാമെന്നുള്ളത് വെറും ഒരു മണിക്കൂര്‍ മാത്രമേ രാവിലെയും വൈകുന്നേരമായും ലഭിക്കുന്നുള്ളു. നഗ്നരാക്കിയുള്ള പരിശോധനയില്‍ മാറ്റമൊന്നുമില്ലെന്നും പരിഗണിക്കാമെന്ന് പറഞ്ഞ മറ്റ് ഒരു കാര്യങ്ങളും തന്നെ പരിഗണിക്കപ്പെടുന്നില്ല.

ജൂലൈ 8നാണ് രൂപേഷ് ഉൾപ്പടെയുള്ള തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുതുതായി നിർമ്മിച്ച അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഈ 26 തടവുകാരിൽ രൂപേഷ് ഉൾപ്പടെയുള്ള 22 തടവുകാർ വിചാരണ തടവുകാരാണ്. 4 പേർ മാത്രമാണ് ശിക്ഷാ തടവുകാരായുള്ളത്. വിചാരണ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുന്നത് വരെ നിരപരാധിയായി പരിഗണിക്കപ്പെടാൻ വിചാരണത്തടവുകാർക്കു അവകാശമുണ്ട്. എന്നാൽ ആ അവകാശം അംഗീകരിക്കുന്നില്ല. സുപ്രീം കോടതി തന്നെ ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച ഏകാന്ത തടവിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. തടവുകാർക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത വിധമാണ് അതീവ സുരക്ഷാ ജയിലിൽ സെല്ലുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് പത്ര മാധ്യമങ്ങൾ നേരത്തെ റിപോർട്ട് ചെയ്തിരുന്നു.  

Tags:    

Similar News