മാവോവാദി ബന്ധം ആരോപിച്ച് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്ത സംഭവം: സമഗ്രാന്വേഷണം വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം

കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നാണ് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ നിയമബിരുദ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, സുഹൃത്തും എസ്എഫ് ഐ പ്രവര്‍ത്തകനുമായ താഹ ഫസല്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2019-11-02 05:38 GMT

കോഴിക്കോട്: മാവോവാദി ബന്ധമുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന് ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാവില്ല. മാവോവാദികളുമായി ഏതെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നാണ് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ നിയമബിരുദ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, സുഹൃത്തും എസ്എഫ് ഐ പ്രവര്‍ത്തകനുമായ താഹ ഫസല്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ ഇവരുടെ വീട്ടില്‍നിന്ന് അട്ടപ്പാടിയിലെ വെടിവയ്പില്‍ പ്രതിഷേധിക്കുന്ന ലഘുലേഖകള്‍ കണ്ടെടുത്തെന്നാണ് പോലിസ് ആരോപിക്കുന്നത്. സിപിഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് പോലിസ് സൂചിപ്പിക്കുന്നത്. ഇരുവര്‍ക്കുമെതിരേ യുഎപിഎ കുറ്റമാണ് ചുമത്തിയത്. ഇതിനിടെ, ഇന്ന് കോഴിക്കോട്ടെത്തുന്ന സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ താഹ ഫസലിന്റെ കുടുംബം കാണുമെന്നാണു സൂചന. നേരത്തേ, അട്ടപ്പാടി വെടിവയ്പ് വ്യാജമാണെന്ന് സിപിഐയും പ്രതിപക്ഷ സംഘടനകളും ആരോപിച്ചിരുന്നു. എന്നാല്‍, തണ്ടര്‍ബോള്‍ട്ടിനെയും പോലിസിനെയും ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.


Tags: