സിപി ജലീലിൻറെ കൊലപാതകം പോലിസിനെതിരേയുള്ള പരാതി കോടതി സ്വീകരിച്ചു

ഏറ്റുമുട്ടലുകൾ സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശ പ്രകാരം കൊലക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എന്നാൽ സിആര്‍പിസി സെക്ഷൻ 176 പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്.

Update: 2019-06-22 17:33 GMT

കൽപ്പറ്റ: മാവോവാദി നേതാവ് സി പി ജലീല്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പോലിസിനെതിരേ പരാതി കോടതിയിൽ. കൽപറ്റ ജില്ലാ സെഷൻസ് കോടതിയിലാണ് സഹോദരൻ സിപി റഷീദിൻറെ പരാതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്. സംഭവം നടന്ന് 100 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിൽ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.

മാവോവാദി നേതാവ് ജലീലും സഹപ്രവർത്തകനും തണ്ടർബോൾട്ട് സേനയെ കണ്ടയുടൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നത് പോലിസ് പുറത്ത്‌വിട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആത്മരക്ഷാർത്ഥം പോലിസിന് വെടിവയ്‌ക്കേണ്ടി വന്നുവെന്നാണ് എഫ്‌ഐആറിലും എഫ്ഐഎസിലും രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നിൽ നിന്നാണ് മുഴുവൻ വെടിയുണ്ടകളും ശരീരത്തിൽ തുളച്ചുകയറിയതെന്ന് പോസ്റ്റ്‌മോർട്ടം റിപോർട്ട് സാധൂകരിക്കുന്നുണ്ട്. പോലിസ് റിപോർട്ടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സിപി റഷീദ് കോടതിയെ സമീപിച്ചത്.

2019 മാർച്ച് ആറിനാണ് വൈത്തിരിയിലെ ഉപവൻ റിസോർട്ടില്‍ നടന്ന വെടിവയ്‌പ്പിൽ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടത്. വയനാട് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയാണ് സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചത്. ഏറ്റുമുട്ടലുകൾ സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശ പ്രകാരം കൊലക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എന്നാൽ സിആര്‍പിസി സെക്ഷൻ 176 പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനെതിരേ നേരത്തെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നെങ്കിലും സർക്കാരിൻറെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുകൾ ഉണ്ടായിട്ടില്ല. 

Tags: