മംഗളൂരു : മലയാളികൾക്ക് നോട്ടീസ്; കേരള നേതാക്കള്‍ കമ്മീഷണറെ കാണും

രണ്ട് യുവാക്കൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതിൽ കലാശിച്ച സംഘർഷം നടന്ന ദിവസം മംഗളൂരു സന്ദർശിച്ചവരുടെ മൈബൈൽ ഫോൺ സിം ടവർ ലൊക്കേഷൻ പിന്തുടർന്ന് വിലാസം സംഘടിപ്പിച്ചാണ് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയച്ചത്.

Update: 2020-01-20 13:48 GMT

മംഗളൂരു: കഴിഞ്ഞ മാസം 19ന് മംഗളൂരുവിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് മംഗളൂരു പോലിസ് രണ്ടായിരത്തോളം മലയാളികൾക്ക് നോട്ടീസ് അയച്ച പ്രശ്നം കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഡോ. പിഎസ് ഹർഷയുമായി ചർച്ച ചെയ്യും.

രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംസി.ഖമറുദ്ദീൻ എംഎൽഎ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷറഫ്, കാസർകോട് ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അർഷദ് വോർക്കാടി എന്നിവരാണ് ഇന്ന് കമ്മീഷണറെ കാണുക. രണ്ട് യുവാക്കൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതിൽ കലാശിച്ച സംഘർഷം നടന്ന ദിവസം മംഗളൂരു സന്ദർശിച്ചവരുടെ മൈബൈൽ ഫോൺ സിം ടവർ ലൊക്കേഷൻ പിന്തുടർന്ന് വിലാസം സംഘടിപ്പിച്ചാണ് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയച്ചത്.

ക്രിമിനൽ നടപടിക്രമം 41എ അനുസരിച്ചുള്ള നോട്ടീസിൽ നിയമവിരുദ്ധമായ ഒത്തുചേരൽ, അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവൃത്തികളിൽ പങ്കാളികളാവൽ, നിയമവിരുദ്ധമായി ആയുധം കൈയിൽ വെക്കൽ, നിരോധന ഉത്തരവുകളുടെ ലംഘനം, അക്രമ പ്രവർത്തനം, ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിൽ പെടുന്ന കുറ്റങ്ങൾ ആരോപിക്കുന്നു. ദക്ഷിണ കന്നടയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ തലപ്പാടി, കുഞ്ചത്തൂർ, മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഏറെയും നോട്ടീസ് അയച്ചത്. പ്രത്യേക മതവിഭാഗത്തിൽ പെട്ടവരുടെ വിലാസമാണ് നോട്ടീസ് അയക്കാൻ കണ്ടെത്തിയത്. ഓരോരുത്തരും ഹാജരാവേണ്ട പോലിസ് സ്റ്റേഷനും തീയതിയും സമയവും നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 19നുണ്ടായ സംഘർഷത്തെ തുടർന്ന് പോലിസ് നടത്തിയ വെടിവെപ്പിൽ അബ്ദുൽ ജലീൽ, മുഹമ്മദ് നൗഷീദ് എന്നീ യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു.നിരോധനാജ്ഞ ലംഘിച്ച് കേരളത്തിൽ നിന്നെത്തിയ സംഘം അക്രമങ്ങൾക്ക് നേതൃത്വം നൽകി എന്ന് കർണ്ണാടക ആഭ്യന്തര മന്ത്രിയും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഡോ. പിഎസ് ഹർഷയും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കാനുള്ള വഴി തേടുകയാണ് മലയാളികൾക്ക് കുട്ടത്തോടെ നോട്ടീസ് അയച്ചതിലൂടെ കർണ്ണാടക പൊലീസ് ഉന്നമിടുന്നതെന്ന് ആരോപണമുണ്ട്.

ദിനേന മലയാളി വിദ്യാർഥികൾ, തൊഴിലാളികൾ, രോഗികൾ,സഹായികൾ, വ്യാപാരികൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ മംഗളൂരുവിലേക്കും മംഗളൂരു വഴിയും സഞ്ചരിക്കുന്നുണ്ട്. കേരള-കർണ്ണാട പോലിസ് മേധാവികൾ ചർച്ച ചെയ്തുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പോലിസ് മുന്നോട്ട് പോവുന്നതെന്നാണ് ഡെപ്യൂട്ടി പോലിസ് കമ്മീഷണർ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. മംഗളൂരു സിറ്റി ക്രൈം റിക്കോർഡ് ബ്യൂറോ അസി. കമ്മീഷണർ ഓഫീസിൽ നിന്നാണ് നോട്ടീസുകൾ അയച്ചത്.

Tags:    

Similar News