24 മണിക്കൂറിനകം തടവുകാര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധം; റിപോര്‍ട്ട് പ്രതിക്കും നല്‍കണം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍

പരിശോധന റിപ്പോര്‍ട്ട് പ്രതികള്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Update: 2022-05-06 11:57 GMT

തിരുവനന്തപുരം: തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച അറസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധന റിപ്പോര്‍ട്ട് പ്രതികള്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

തടവുകാര്‍ക്ക് പോലിസ് മര്‍ദനമോ മൂന്നാം മുറയോ നേരിടേണ്ടി വന്നോയെന്ന് പ്രത്യേകം പരിശോധിക്കണമെന്നും വനിതാ തടവുകാരെ വനിതാ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തടവുകാരുടെ ദേഹത്തുള്ള പരിക്കുകളും മുറിവുകളും പ്രത്യേകം രേഖപ്പെടുത്തണമെന്നും അറസ്റ്റിലായവര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും വൈദ്യ പരിശോധന നടത്തുമ്പോഴുള്ള മാനദണ്ഡങ്ങളില്‍ നിര്‍ദേശിച്ചു.

അറസ്റ്റിലായ വ്യക്തികളുടെ മെഡിക്കല്‍ പരിശോധന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഡോക്ടര്‍മാര്‍ നടത്തണമെന്നും അവരുടെ അഭാവത്തില്‍ മാത്രമേ സ്വകാര്യ ഡോക്ടര്‍മാര്‍ നടത്താവൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.

വൈദ്യ പരിശോധനക്ക് എത്തിക്കുന്ന രോഗികള്‍ കാത്ത് നില്‍ക്കേണ്ടതില്ലെന്നും വൈദ്യ പരിശോധനയും ക്ലിനിക്കല്‍ പരിശോധനയും സൗജന്യമായി നല്‍കണമെന്നും നിര്‍ദേശിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രം സ്വകാര്യ ലാബില്‍ പരിശോധന നടത്താമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.

Tags: