പോലിസ് ഇന്‍ഫോര്‍മറെന്നു സംശയിക്കുന്നയാളെ വെടിവച്ചു കൊന്നു

Update: 2020-12-30 06:01 GMT

രാജ്‌നന്ദ്ഗാവ്: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ സംഘര്‍ഷബാധിത പ്രദേശത്ത് പോലിസ് ഇന്‍ഫോര്‍മറെന്നു സംശയിക്കുന്ന 30 കാരനെ മാവോവാദികള്‍ വെടിവച്ചു കൊലപ്പെടുത്തിയതായി പോലിസ് അറിയിച്ചു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മന്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിക്കുള്ളിലെ തുംദികാസ ഗ്രാമത്തിനടുത്താണ് മഹേഷ് കച്‌ലാമെ എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തില്‍ ബുള്ളറ്റ് കൊണ്ടുള്ള മുറിവുകളും മാവോവാദി ലഘുലേഖയും കണ്ടെടുത്തിട്ടുണ്ടെന്നും അതില്‍ പോലിസ് ഇന്‍ഫോര്‍മറാണെന്ന് ആരോപിക്കുന്നതായും പോലിസ് പറഞ്ഞു. അവുണ്ടി ജില്ലയിലെ മന്‍പൂര്‍ പ്രദേശവാസിയാണ് കച്‌ലാമെ. പോലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി രാജ്‌നന്ദ്ഗാവിലെ സീനിയര്‍ പോലിസ് ഓഫിസര്‍ ജയ്പ്രകാശ് ബര്‍ഹായ് പറഞ്ഞു. കൊലയ്ക്കു പിന്നില്‍ മാവോവാദികളാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ കാര്യങ്ങളെയും കുറിച്ച് അന്വേഷിക്കുമെന്നും പോലിസ് വ്യക്തമാക്കി.

Man Shot Dead By Maoists On Suspicion Of Being Police Informer

Tags: