ലൗ ജിഹാദ് ആരോപിച്ച് യുപി പോലിസ് കേസെടുത്തു; അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

കുറ്റാരോപിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിനായുള്ള സമീപനം ഉണ്ടായതായോ തെളിവുകള്‍ സൂചിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Update: 2020-12-19 10:10 GMT

ലഖ്‌നൗ: ലൗ ജിഹാദ് ആരോപിച്ച് ഉത്തര്‍ പ്രദേശ് പോലിസ് മുസ് ലിം യുവാവിനെതിരേ കേസെടുത്ത സംഭവത്തില്‍ ഇടപെട്ട് അലഹബാദ് ഹൈക്കോടതി. പോലിസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യവുമായി യുവാവ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്.

മുസാഫര്‍നഗറിലെ നദീം, സഹോദരന്‍ സല്‍മാന്‍ എന്നിവര്‍ക്കെതിരേയാണ് യുപി പോലിസ് മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നത്. അടുത്ത ഹിയറിങ്ങിനായി കേസ് പരിഗണിക്കുന്നത് വരെ നദീമിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അക്ഷയ് കുമാര്‍ ത്യാഗി നല്‍കിയ പരാതിയിലാണ് പൊലീസ് 'ലവ് ജിഹാദ്' ആരോപിച്ച് നദീമിനും സല്‍മാനുമെതിരെ കേസെടുത്തത്. തന്റെ വീട്ടില്‍ നദീം സ്ഥിരമായി സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ഭാര്യയെ മത പരിവര്‍ത്തനം നടത്തണം എന്ന ഉദ്ദേശ്യത്തോടെ പ്രണയത്തില്‍ പെടുത്തുകയായിരുന്നുവെന്നും ആയിരുന്നു ത്യാഗിയുടെ പരാതി. സ്മാര്‍ട് ഫോണ്‍ ഉള്‍പ്പെടയുള്ള സമ്മാനങ്ങള്‍ ഈ ഉദ്ദേശ്യത്തോടെ നദീം സമ്മാനിച്ചുവെന്നും ത്യാഗിയുടെ പരാതിയില്‍ പറയുന്നു.

കുറ്റാരോപിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിനായുള്ള സമീപനം ഉണ്ടായതായോ തെളിവുകള്‍ സൂചിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയില്‍ പറയപ്പെടുന്ന സ്ത്രീ സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തതയും ബുദ്ധിയുമുള്ള പ്രായപൂര്‍ത്തിയായ ആളാണെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരനും സ്ത്രീക്കും അവരവരുടെ സ്വാകര്യതയ്ക്ക് മൗലികാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

Tags: