മമതയെ പോലെ പിണറായിയും നവീന്‍ പട്‌നായികും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല

കഴിഞ്ഞദിവസമാണ് ചടങ്ങിനില്ലെന്ന് മമത അറിയിച്ചത്. പിന്നാലെയാണ് പിണറായി വിജയനും നവീന്‍ പട്‌നായികും പങ്കെടുക്കില്ല എന്ന് അറിയിച്ചത്.

Update: 2019-05-30 05:39 GMT

ന്യൂഡല്‍ഹി: രണ്ടാം മൂഴം പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കില്ല. കൂടാതെ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും ചടങ്ങില്‍ സംബന്ധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ചടങ്ങിനില്ലെന്ന് മമത അറിയിച്ചത്. പിന്നാലെയാണ് പിണറായി വിജയനും നവീന്‍ പട്‌നായികും പങ്കെടുക്കില്ല എന്ന് അറിയിച്ചത്.

ഒഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക്ക് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് ഒഡീഷ നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സഭയില്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഡല്‍ഹിയിലെത്താന്‍ സാധിക്കില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ പിന്‍മാറുകയായിരുന്നു. ബംഗാളില്‍ തൃണമൂലുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് മമത ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന ബിജെപിയുടെ ആരോപണം നുണയാണെന്നും മമത വ്യക്തമാക്കിയിരുന്നു.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags: