ബംഗാളില്‍ മൂന്നാംവട്ടവും മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു

കൊവിഡ് സാഹചര്യത്തിന് പരിഹാരം കാണുകയെന്നതാണ് ഓഫിസ് പുനരാരംഭിച്ചതിന് ശേഷം തന്റെ ആദ്യത്തെ മുന്‍ഗണനയെന്ന് ബാനര്‍ജി പറഞ്ഞു. സമാധാനം നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും അവര്‍ അഭ്യര്‍ഥിച്ചു. ബംഗാളില്‍ നിയമവാഴ്ച ഉറപ്പാക്കണമെന്ന് മമതയെ ഒപ്പംനിര്‍ത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നിര്‍ദേശിച്ചു.

Update: 2021-05-05 07:00 GMT

കൊല്‍ക്കത്ത: ബിജെപി ഉയര്‍ത്തിയ ശക്തമായ ഭീഷണികള്‍ക്കിടയിലും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ തകര്‍പ്പന്‍ വിജയത്തിനുശേഷം മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബംഗാളി ഭാഷയിലാണ് ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് മമത മുഖ്യമന്ത്രിയാവുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം ഏകകണ്‌ഠേനയാണ് മമതയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ബിമന്‍ ബാനര്‍ജി പ്രോടേം സ്പീക്കറാവും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ മെയ് 6 മുതല്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ് മമതയുടെ സത്യപ്രതിജ്ഞ നടന്നത്. മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുല്‍ മന്നന്‍, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. മുതിര്‍ന്ന ടിഎംസി നേതാക്കളായ പാര്‍ത്ത ചാറ്റര്‍ജി, സുബ്രത മുഖര്‍ജി എന്നിവരെ കൂടാതെ തൃണമൂലിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച വോട്ടെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, അനന്തരവന്‍ അഭിഷേക് ബാനര്‍ജി എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു.

എന്നാല്‍, ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് ചടങ്ങില്‍നിന്ന് വിട്ടുനിന്നു. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. 294 അംഗ നിയമസഭയിലെ 292 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ 213 സീറ്റ് നേടി. 2016ല്‍ 211 സീറ്റാണ് തൃണമൂലിനു ലഭിച്ചത്. പ്രധാന വെല്ലുവിളി ഉയര്‍ത്തിയ ബിജെപിക്ക് ലഭിച്ചതാവട്ടെ 77 സീറ്റുകള്‍ മാത്രം. ദശകങ്ങളോളം ബംഗാള്‍ ഭരിച്ച ഇടതും കോണ്‍ഗ്രസും ചിത്രത്തില്‍ തന്നെയില്ല.

നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനര്‍ജിക്ക് ആറുമാസത്തിനകം തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. കൊവിഡ് സാഹചര്യത്തിന് പരിഹാരം കാണുകയെന്നതാണ് ഓഫിസ് പുനരാരംഭിച്ചതിന് ശേഷം തന്റെ ആദ്യത്തെ മുന്‍ഗണനയെന്ന് ബാനര്‍ജി പറഞ്ഞു. സമാധാനം നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും അവര്‍ അഭ്യര്‍ഥിച്ചു. ബംഗാളില്‍ നിയമവാഴ്ച ഉറപ്പാക്കണമെന്ന് മമതയെ ഒപ്പംനിര്‍ത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നിര്‍ദേശിച്ചു. അക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം.

കേന്ദ്ര- സംസ്ഥാന ബന്ധം ശക്തമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളില്‍ വ്യാപകമായുണ്ടായ അക്രമങ്ങള്‍ക്കെതിരേ ബിജെപി പ്രതിഷേധിക്കുകയാണ്. വിഭജനസമയത്തെ സാഹചര്യമാണ് ബംഗാളിലെന്ന് ബിജെപി ദേശീയഅധ്യക്ഷന്‍ ജെ പി നദ്ദ കൊല്‍ക്കത്തയില്‍ ആരോപിച്ചു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ പരിശോധിക്കാന്‍ ബംഗാളിലെത്തും. ദേശീയ മനുഷ്യാവകാശ കമ്മീഷനും അക്രമങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags: