ദയവായി മതവിദ്വേഷം പരത്തരുത്; വിദ്വേഷ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും അമിത് ഷായോട് മമതാ

ബംഗാളിലേക്ക് എത്തുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നു. പക്ഷേ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കരുത്. അത് ബംഗാളില്‍ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുകയും ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കാതിരിക്കുകയും ചെയ്യുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണ് ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ലെന്നും മമത പറഞ്ഞു.

Update: 2019-10-02 10:53 GMT

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്‍ക്കത്ത പ്രസംഗത്തിന് ചുട്ടമറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകളെ തമ്മിലടിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം സംസ്ഥാനത്ത് ചിലവാകില്ലെന്നും വ്യതസ്ത മത വിശ്വാസികള്‍ ഒരു പോലെ കഴിയുന്ന സ്ഥലമാണിതെന്നും മമത വ്യക്തമാക്കി.

ബംഗാളിലേക്ക് എത്തുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നു. പക്ഷേ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കരുത്. അത് ബംഗാളില്‍ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുകയും ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കാതിരിക്കുകയും ചെയ്യുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണ് ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ലെന്നും മമത പറഞ്ഞു.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംസ്ഥാനത്തിലെ വലിയ ആഘോഷമായ ദുര്‍ഗാപൂജയില്‍ ഒത്തു ചേരുന്നുണ്ടെന്നും മമത ഓര്‍മിപ്പിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. രാജ്യ വ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും അതിന് മുന്നോടിയായി പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്നും അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു.

മമത ബാനര്‍ജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. പൗരത്വ പട്ടികയിലൂടെ ഹിന്ദു അഭയാര്‍ഥികളെ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് മമത ജനങ്ങളെ ഭയപ്പെടുത്തുന്നു. ഹിന്ദു, സിഖ്, ജൈന, ബുദ്ധമത, ക്രിസ്ത്യന്‍ അടക്കം എല്ലാ സമുദായത്തിലുമുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യം വിടാന്‍ കേന്ദ്രം നിങ്ങളെ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു.നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News