അധ്യാപക നിയമന അഴിമതിക്കേസ്: അറസ്റ്റിലായ പാര്‍ഥാ ചാറ്റര്‍ജിയെ ബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

Update: 2022-07-28 10:59 GMT

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായി അഞ്ചുദിവസത്തിനുശേഷം ബംഗാള്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാറ്റര്‍ജിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയേക്കുമെന്നാണ് വിവരം. മുതിര്‍ന്ന നേതാവായ ചാറ്റര്‍ജി പാര്‍ട്ടിക്ക് അപമാനവും നാണക്കേടും വരുത്തിവച്ചെന്നു തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടിരുന്നു.

ചാറ്റര്‍ജിയുടെ സഹായിയായ അര്‍പ്പിത മുഖര്‍ജിയുടെ ഫഌറ്റില്‍നിന്ന് ഇഡി വീണ്ടും കോടികള്‍ പിടിച്ചടുത്തതിന് പിന്നാലെയാണ് മന്ത്രിയെ തള്ളി പാര്‍ട്ടി രംഗത്തെത്തിയത്. 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണവുമാണ് ഇവരുടെ രണ്ട് ഫ്‌ളാറ്റുകളില്‍നിന്നായി ഇഡി പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണവും പണവും മന്ത്രിയുടേതാണെന്നു അര്‍പ്പിത സമ്മതിച്ചിട്ടുണ്ട്. 18 മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് 10 ട്രങ്ക് പണവുമായാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ ഏരിയയിലെ രണ്ടാമത്തെ ഫ്‌ളാറ്റില്‍ നിന്ന് മടങ്ങിയത്. മൂന്ന് നോട്ടെണ്ണല്‍ മെഷീനുകളാണ് ഉപയോഗിച്ചിരുന്നതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News