നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍; മൈക്ക് ഓഫാക്കിയെന്ന് മമത

Update: 2024-07-27 09:27 GMT

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ ഒമ്പതാമത് ഗവേണിങ് കൗണ്‍സില്‍ യോഗം പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിച്ചു. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നപ്പോള്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ സംബന്ധിച്ചു. പൊതു പ്ലാറ്റ്‌ഫോമില്‍ പ്രതിപക്ഷ ശബ്ദം ഉയരണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് മമതയുടെ നിലപാട്. അതേസമയം, താന്‍ സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തതായി മമത ആരോപിച്ചു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് ഒഴിവാക്കണമെന്നും ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണമെന്നു മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗമാണ് കൂട്ട ബഹിഷ്‌കരണത്തില്‍ കലാശിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരെ കൂടാതെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ കര്‍ണാടകയിലെ സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശിലെ സുഖ്‌വീന്ദര്‍ സിങ് സുഖു എന്നിവരാണ് ബഹിഷ്‌കരിച്ചത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമിയും യോഗത്തിനെത്തിയില്ല.

    നീതി ആയോഗില്‍ പ്രധാനമന്ത്രിയും എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും, കേന്ദ്ര മന്ത്രിമാരിലെ ചിലരുമാണ് പങ്കെടുക്കുന്നത്. അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് യോഗത്തില്‍ പങ്കെടുക്കാനും അവരുടെ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് മുന്നില്‍ അവതരിപ്പിക്കാനും നിര്‍ദേശിച്ചതായി റിപോര്‍ട്ടുകളുണ്ട്.

Tags: