സൗദിയിലെ വാഹനാപകടം: ഇന്ത്യന്‍ സോഷ്യല്‍ഫോറത്തിന്റെ സഹായത്തോടെ കൊല്ലം സ്വദേശി ജയില്‍ മോചിതനായി

കൊല്ലം കൊട്ടാരക്കര സ്വദേശി സുനില്‍ കുമാറാണ് രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കേസ് ഒത്തു തീര്‍പ്പാക്കി കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്.

Update: 2019-09-03 14:14 GMT

വാദി ദവാസിര്‍: വാഹനാപകടത്തെ തുടര്‍ന്ന് സൗദിയില്‍ രണ്ടര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മലയാളി ഇന്ത്യന്‍ സോഷ്യല്‍ഫോറത്തിന്റെ ഇടപെടലിനെതുടര്‍ന്ന് മോചിതനായി. കൊല്ലം കൊട്ടാരക്കര സ്വദേശി സുനില്‍ കുമാറാണ് രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കേസ് ഒത്തു തീര്‍പ്പാക്കി കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്.

വാദി ദവാസിര്‍ മഫ്രക്കിനടുത്ത് വച്ച് നിര്‍ത്തിയിട്ട വാഹനത്തിനു പിന്നില്‍ സുനില്‍ കുമാര്‍ ഓടിച്ച വാഹനം ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് ഇടിച്ചിരുന്നു. സുനില്‍കുമാറിന്റെ സ്‌പോണ്‍സര്‍ തന്റെ വാഹനത്തിനു പറ്റിയ കേടുപാടുകള്‍ തീര്‍ക്കാന്‍ ആദ്യം 50,000 റിയാല്‍ ആവശ്യപ്പെട്ടു. ഈ തുക സംഘടിപ്പിക്കുനതിനിടെ മൂന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വീണ്ടും പരാതി നല്‍കിയതോടെയാണ് മോചനം നീണ്ടത്.

ഒരു ലക്ഷത്തോളം റിയാല്‍ മാത്രമേ പുതിയ വാഹനത്തിനു വിലയുള്ളൂ എന്നിരിക്കെ ഇത്രയും ഭീമമായ തുക ആവശ്യപ്പെടുകയും ജയിലിലടക്കുകയും ചെയ്ത നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന വ്യവസ്ഥയില്‍ സുനില്‍ കുമാറും സ്‌പോണ്‍സറും ഒത്തുതീര്‍പ്പില്‍ എത്തിയതോടെയാണ് മോചനം സാധ്യമായത്.

സുനില്‍ കുമാറിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി നല്‍കിയിരുന്നു. ഇതിനിടക്ക് തന്നെ കാണാന്‍ വന്ന ചിലര്‍ കേസ് നടത്തിപ്പിനായി പണം കൈപ്പറ്റിയെങ്കിലും ഉപകരിച്ചില്ലെന്നു സുനില്‍ കുമാര്‍ പറയുന്നു.

സുനില്‍ കുമാറിനോടൊപ്പം മറ്റൊരു കേസില്‍ ജയിലില്‍ കഴിഞ്ഞ ഷാജി എന്ന മലയാളി മുഖേന ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെ ബന്ധപ്പെട്ടതോടെയാണ് കേസില്‍ വഴിത്തിരിവായത്. ഷാജി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയെര്‍ വിഭാഗം ഇന്‍ ചാര്‍ജ് ലത്തീഫ് മാനന്തേരിയുടെ സഹായത്താല്‍ ജയില്‍ മോചിതനായിരുന്നു.

തുടര്‍ന്ന് സുനില്‍ കുമാറിന്റെ കുടുംബം സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും കേസില്‍ ഇടപെടാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു. ഇതിനിടെ, റിയാദിലെ എംബസിയില്‍ പരാതി നല്‍കിയ ബന്ധുക്കള്‍ കേസില്‍ ഇടപെടാന്‍ ലത്തീഫ് മാനന്തേരിയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.

ലത്തീഫ് മാനന്തേരി, ഫോറം ഏരിയ സമിതി അംഗം അബ്ദുല്‍ ഗഫൂര്‍ തിരുനാവായ എന്നിവര്‍ സുനില്‍ കുമാറിനെ ജയിലില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുയും അതു പ്രകാരം സ്‌പോണ്‍സറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, സ്‌പോണ്‍സര്‍ വഴങ്ങാന്‍ തയ്യാറാവാതിരുന്നതോടെ അന്യായമായി തടവില്‍ പാര്‍പ്പിച്ചതിനു നഷ്ടപരിഹാരം അവശ്യപ്പെട്ടു പരാതി നല്‍കുമെന്നറിയച്ചതോടെയാണ് ഇദ്ദേഹം അനുരഞ്ജനത്തിന് തയ്യാറായത്.ജയില്‍ മോചിതനായ സുനില്‍കുമാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

Tags: