ആദിവാസി ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹത; കൊലപാതകമെന്ന പരാതിയുമായി സഹോദരി

സഹോദരന്റെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും വായില്‍ നിന്നും രക്തം വന്നിരുന്നതായും കഴുത്തിന്റെ പിറകില്‍ ചോരപാടുകള്‍ ഉണ്ടായിരുന്നതായും ശാരദ പരാതിയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ഗോവിന്ദന്‍ മരണപ്പെട്ടത്. അന്ന് രാത്രി ഏഴിന് തന്നെ ശവ സംസ്‌കാരം നടത്തി.

Update: 2019-07-25 14:49 GMT

മലപ്പുറം: വെണ്ടേക്കുംപോയില്‍ കോളനിയിലെ ആദിവാസി മധ്യവയസ്‌കന്‍ ഗോവിന്ദന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി സഹോദരി ശാരദ. ഗോവിന്ദന്റെ മക്കളും മക്കളുടെ സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ശാരദ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ഗോവിന്ദന്‍ മരണപ്പെട്ടത്. അന്ന് രാത്രി ഏഴിന് തന്നെ ശവ സംസ്‌കാരം നടത്തി.

മരിക്കുന്നതിന്റെ തലേദിവസം രാത്രി ഗോവിന്ദന്‍ തന്നെ വിളിച്ചിരുന്നതായി ശാരദ പരാതിയില്‍ പറയുന്നു. തന്നെ മക്കളും മക്കളുടെ സുഹൃത്ത് കോണ്‍സി ബിജുവും ചേര്‍ന്ന് ഉപദ്രവിക്കുന്നുണ്ടെന്നും അവരെന്നെ കൊല്ലുമെന്നും പോലിസിനെ വിളിക്കണമെന്നും പറഞ്ഞു. ഈ വിവരം ഉടനെ തന്നെ ഷിജി ടീച്ചറെ വിളിച്ചറിയിക്കുകയും അരീക്കോട് പോലിസിനെ വിളിച്ച് പറയുകയും ചെയ്തു. എന്നാല്‍, നിരന്തരം ബന്ധപ്പെട്ടിട്ടും പോലിസ് വരികയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് ശാരദ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി 11 മണിവരെ സഹോദരന്റെ നിലവിളി കേട്ടിരുന്നതായും ശാരദ പറഞ്ഞു.

പിറ്റെന്ന് രാവിലെ 11ന് സഹോദരന്‍ മരണപ്പെട്ടു എന്നാണ് കേട്ടത്. ആറിന് അര്‍ദ്ധരാത്രി അവശനിലയിലായ സഹോദരനെ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് സഹോദരന്റെ ഭാര്യയും മക്കളും ബിജുവും ചേര്‍ന്ന് കൊണ്ടുപോയത്. സാധാരണ തൊട്ടടുത്ത് തന്നെ സ്ഥിരമായി വിളിക്കാറുള്ള ജീപ്പുകള്‍ ഉണ്ടായിട്ടും അതൊന്നും വിളിക്കാതെ നാല് കിലോമീറ്റര്‍ ദൂരെ നിന്ന് മറ്റൊരു ജീപ്പ് വിളിച്ചാണ് ആശുപത്രിയിലെത്തിച്ചത്. സഹോദരന്റെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും വായില്‍ നിന്നും രക്തം വന്നിരുന്നതായും കഴുത്തിന്റെ പിറകില്‍ ചോരപാടുകള്‍ ഉണ്ടായിരുന്നതായും ശാരദ പരാതിയില്‍ പറഞ്ഞു. മരിച്ചതിന്റെ അടുത്ത ദിവസം ശവ സംസ്‌കാരം നടത്താമെന്നാണ് ആദ്യം ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, തിരക്കിട്ട് അന്ന് രാത്രി തന്നെ അടക്കം ചെയ്യുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും ശാരദ പറഞ്ഞു.

സഹോദരനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അരീക്കോട് പോലിസിനെ ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അരീക്കോട് പോലിസില്‍ വിശ്വാസമില്ലെന്നും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ശാരദ പറഞ്ഞു. സഹോദരന്റെ ശരീരത്തില്‍ കണ്ട മുറിപാടുകള്‍ മക്കളുടേയും ബിജുവിന്റെയും മര്‍ദനത്തേ തുടര്‍ന്ന് ഉണ്ടായതാണെന്നും മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും അന്വേഷണം നടത്തണമെന്നും ശാരദ ആവശ്യപ്പെട്ടു.

Tags:    

Similar News