വാടക കെട്ടിടത്തില്‍ 90 വര്‍ഷം; തകര്‍ന്നു വീഴാറായി ഒരു സര്‍ക്കാര്‍ വിദ്യാലയം

നിരവധി വിദ്യാഭ്യാസ മന്ത്രിമാരെ തിരഞ്ഞെടുത്ത ഒരു പ്രദേശത്ത് ഇത്തരം ഒരു വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിദ്യാഭ്യാസ അവഗണനയുടെ പ്രധാന തെളിവാണ്.

Update: 2019-11-28 16:50 GMT

പരപ്പനങ്ങാടി: സ്‌കൂളുകളെല്ലാം ഹൈടെക് ആവുന്ന ഇക്കാലത്ത് മലപ്പുറം ജില്ലയില്‍ ചോര്‍ന്നൊലിച്ച് തകര്‍ന്നു വീഴാറായ വാടക കെട്ടിടത്തില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം. അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മമ്പുറം ജിഎംഎല്‍പി സ്‌കൂളാണ് 90 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ് കെട്ടിടം.


150 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എആര്‍ നഗര്‍ പഞ്ചായത്തിനാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തന ചുമതല. വാടക കെട്ടിടത്തില്‍ നിന്ന് മാറ്റി സ്വന്തമായി കെട്ടിടം പണിയണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ ചെവികൊള്ളുന്നില്ല. ലാഭകരമല്ലാത്തതിനാല്‍ പുതിയ കെട്ടിടം ഉണ്ടാക്കാനോ, തകര്‍ന്നവ നന്നാക്കാനോ ഉടമ തയ്യാറല്ല. ഉള്ള കെട്ടിടം തന്നെ ശോചനീയാവസ്ഥയിലാണ്.

നിരവധി വിദ്യാഭ്യാസ മന്ത്രിമാരെ തിരഞ്ഞെടുത്ത ഒരു പ്രദേശത്ത് ഇത്തരം ഒരു വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിദ്യാഭ്യാസ അവഗണനയുടെ പ്രധാന തെളിവാണ്. പഴയ വിദ്യാലയം സംരക്ഷിക്കാനും സ്ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മിക്കാനും പഞ്ചായത്ത് ഫണ്ട് വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. ഇനിയും കാലതാമസം വരുത്തിയാല്‍ വിദ്യാലയത്തിന്റെ തകര്‍ച്ച വന്‍ ദുരന്തത്തിന് വഴിവെക്കുമെന്ന് മമ്പുറം വെട്ടത്തു ബസാറില്‍ നടന്ന ചര്‍ച്ചാ സംഗമം മുന്നറിയിപ്പ് നല്‍കി. വിവിധ രാഷ്ട്രീയ, മത സംഘടനപ്രതിനിധികള്‍ പങ്കെടുത്തു.




Tags:    

Similar News