മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: സമദാനി മുമ്പില്‍

വോട്ടെണ്ണല്‍ ആരംഭിച്ച് ആറാം മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോള്‍ 38000ത്തിലധികം വോട്ടുകള്‍ക്ക് അബ്ദുസമദ് സമദാനി മുന്നിട്ട് നില്‍ക്കുകയാണ്.

Update: 2021-05-02 08:05 GMT

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി അബ്ദുസമദ് സമദാനിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ച് ആറാം മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോള്‍ 38000ത്തിലധികം വോട്ടുകള്‍ക്ക് അബ്ദുസമദ് സമദാനി മുന്നിട്ട് നില്‍ക്കുകയാണ്. ഇതുവരെ 1,68,539 വോട്ടാണ് സമദാനി കീശയിലാക്കിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവാണ് രണ്ടാമത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 38 ശതമാനം വോട്ടുകള്‍ നേടി മികച്ച പ്രകടനമാണ് സാനു കാഴ്ചവച്ചത്. ഇതുവരെ 1,30,983 വോട്ടുകളാണ് സാനു നേടിയത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്താണ്. 24338 വോട്ടുകളാണ് ഇതുവരെ ബിജെപി നേടിയത്. നാലാംസ്ഥാനത്തുള്ള എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനിയാണ് 19,503 വോട്ടുകള്‍ നേടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഡല്‍ഹി സ്വദേശിയായ റഹ്മാനി പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്.

2019ല്‍ പി കെ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തുനിന്ന് വിജയിച്ചത്. 2017ലെ ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷമായ 1.71 ലക്ഷം വോട്ട് കുത്തനെ വര്‍ധിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി 2019ല്‍ ലോക്‌സഭയിലെത്തിയത്.

Tags:    

Similar News