മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിലും അക്രമത്തിലും പങ്ക്: ഫേസ്ബുക്കിനെതിരേ യുഎസിലെ പ്രധാന നഗരങ്ങളില്‍ വന്‍ പ്രതിഷേധം

ഇന്ത്യാ വംശഹത്യ വാച്ചിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ എട്ട് പ്രധാന നഗരങ്ങളിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി വിവിധ മത, തൊഴില്‍ പശ്ചാത്തലങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങിയത്.

Update: 2021-11-15 09:13 GMT

വാഷിങ്ടണ്‍: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള പീഡനങ്ങള്‍ക്കും ശാരീരിക ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്ത് സ്വതന്ത്രമായി പോസ്റ്റ് ചെയ്യാന്‍ ഫേസ്ബുക്ക് അനുവദിച്ചതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പേരാണ് യുഎസിലെ വിവിധ നഗരങ്ങളില്‍ ഒത്തുകൂടിയത്.


ഇന്ത്യാ വംശഹത്യ വാച്ചിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ എട്ട് പ്രധാന നഗരങ്ങളിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി വിവിധ മത, തൊഴില്‍ പശ്ചാത്തലങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങിയത്.

അറ്റ്‌ലാന്റ, ഷിക്കാഗോ, ഷാര്‍ലറ്റ്, ഹൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, സാന്‍ ഡിയാഗോ, സിയാറ്റില്‍, ഫേസ്ബുക്ക് ആസ്ഥാനമായ സാന്‍ ഫ്രാന്‍സിസ്‌കോയിലെ മെന്‍ലോ പാര്‍ക്ക് എന്നിവിടങ്ങളിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത പലരും ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവരാണ്.


രാഷ്ട്രീയ സ്വയംസേവക സംഘത്തെയും അതിന്റെ അനുബന്ധ സംഘടനകളെയും അപകടകരമായ സംഘടനകളായി ഫേസ്ബുക്ക് പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ ഫാഷിസ്റ്റ് ആക്രമണങ്ങള്‍ക്ക് വളമായി തീര്‍ന്ന ഇസ്‌ലാമോഫോബിക് വിദ്വേഷത്തെ തടയാന്‍ ഫേസ്ബുക്ക് ബോധപൂര്‍വവും അറിഞ്ഞും വിസമ്മതിച്ചതായും ഫേസ്ബുക്കിന്റെ കൈകളില്‍ രക്തമുണ്ടെന്നും മെറ്റയുടെ ആഗോള ആസ്ഥാനത്തിന് പുറത്ത് കാലഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ നടന്ന ഒരു പ്രതിഷേധത്തില്‍ ബേ മുസ്‌ലിംസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ ജാവിദ് അലി കുറ്റപ്പെടുത്തി.


Tags: