രാത്രി ശിവസേനയുമായി അന്തിമ ചര്‍ച്ച; രാവിലെ എന്‍ഡിഎ സഖ്യത്തില്‍ ഉപമുഖ്യമന്ത്രി -അജിത് പവാര്‍ വഴങ്ങിയത് എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിയില്‍?

നിലവില്‍ അജിത് പവാറിനെതിരേ ഒരു ലക്ഷം കോടിയോളം രൂപയുടെ അഴിമതി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അജിത് പവാറിനും ശരത് പവാറിനും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെപ്തംബറില്‍ കേസെടുത്തിരുന്നു.

Update: 2019-11-23 10:59 GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഇന്നത്തെ നാടകീയ നീക്കങ്ങള്‍ക്കിടയില്‍ എന്തു സംഭവിച്ചു എന്നറിയാതെ ഞെട്ടിയിരിക്കുന്ന് നേതാക്കള്‍ മാത്രമല്ല, ജനങ്ങളുമാണ്. മഹാരഷ്ട്രയെ ഇനി ഉദ്ധവ് താക്കറ നയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നിലുള്ള കാരണങ്ങള്‍ തേടുകയാണ് ജനം.

ഇന്നലെ വരെ ശിവസേനാ-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപിക്കരണത്തിനുള്ള അന്തിമ ചര്‍ചകളില്‍ പങ്കെടുത്തിരുന്നു അജിത് പവാര്‍. ഇന്നലെ യോഗത്തില്‍ അജിത് പവാര്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ഫോണ്‍ പെട്ടെന്ന് സ്വിച്ച് ഓഫ് ആവുകയുമായിരുന്നെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നത്.

സേനാ തലവന്‍ ഉദ്ധവ്് താക്കറെ മുഖ്യമന്ത്രിയാക്കുമെന്നും ഇത് സംബന്ധിച്ച് പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നും മാധ്യമങ്ങളെ അറിയിച്ചതും എന്‍സിപി തലവന്‍ ശരത് പവാര്‍ തന്നെ. ചര്‍ച്ചകള്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം അജിത് പവാര്‍ ആരോടും പറയാതെ പോവുകയായിരുന്നു. ആരുടെയും മുഖത്ത് പോലും നോക്കാതെ ഒന്നും പറയാതെ അപ്രതീക്ഷിതമായി അജിത് പവാര്‍ മുങ്ങുകയായിരുന്നുവെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ആരോപിച്ചു. നാല് മണിക്കൂറോളം നേരം അജിത് പവാര്‍ എവിടെയുണ്ടായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. പിന്നീട് ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത വാര്‍ത്തയാണ് എല്ലാവരും കേട്ടത്.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരത് പവാറും ചര്‍ച്ച നടത്തിയിരുന്നു.രണ്ടു ദിവസം മുമ്പ് നരേന്ദ്ര മോദി പവാറിനെയും എന്‍സിപിയെയും പുകഴ്ത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയും കോണ്‍ഗ്രസുമായി ചേര്‍ന്ന് എന്‍സിപി ത്രികക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പൊതു മിനിമം പരിപാടികളുടെ ചര്‍ച്ച നടക്കുമ്പോഴായിരുന്നു പവാര്‍ മോദി കൂടിക്കാഴ്ചയും നടന്നത്. ഇത് ബിജെപിയുടെ കരുനീക്കമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.

നിലവില്‍ അജിത് പവാറിനെതിരേ ഒരു ലക്ഷം കോടിയോളം രൂപയുടെ അഴിമതി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അജിത് പവാറിനും ശരത് പവാറിനും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെപ്തംബറില്‍ കേസെടുത്തിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് മുംബൈ പൊലിസ് അജിത് പവാറടക്കം എഴുപതിലേറെ പേര്‍ക്കെതിരെയാണു കേസെടുത്തത്. 70,000 കോടി ആരോപിക്കപ്പെടുന്ന ജലസേചന കുംഭകോണ ആരോപണം നിലനില്‍ക്കെയാണ് അജിത്തിനെതിരെ പുതിയ കേസ്. എന്‍സിപി എംഎല്‍എമാര്‍ ഒപ്പ് വെച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. അറ്റന്‍ഡന്‍സിനു വേണ്ടി എംഎല്‍എമാരുടെ ഒപ്പുകള്‍ ഒരു കടലാസില്‍ രേഖപ്പെടുത്തിയിരുന്നു. സത്യപ്രതിജ്ഞയുടെ സാധൂകരണത്തിന് വേണ്ടി അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത് ഈ കടലാസാണെന്നാണ് എന്‍സിപി ആരോപിക്കുന്നത്. എന്‍സിപിയുടെ 54 എംഎല്‍എമാരും പുതിയ സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദം ശരത് പവാര്‍ തള്ളി.

Tags: