മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ തല്ലുമെന്ന് ഭീഷണി; മഹാരാഷ്ട്രയില്‍ കേന്ദ്ര മന്ത്രി അറസ്റ്റില്‍

കൊങ്കണ്‍ മേഖലയിലെ 'ജന്‍ ആശിര്‍വാദ് യാത്ര'യില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ഒരു സംഘം പോലിസ് ഉദ്യോഗസ്ഥര്‍ രത്‌നഗിരിയിലെ സംഗമേശ്വറിലെ ക്യാംപിലെത്തി മന്ത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Update: 2021-08-24 14:38 GMT

മുബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ തല്ലുമെന്ന പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു. കൊങ്കണ്‍ മേഖലയിലെ 'ജന്‍ ആശിര്‍വാദ് യാത്ര'യില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ഒരു സംഘം പോലിസ് ഉദ്യോഗസ്ഥര്‍ രത്‌നഗിരിയിലെ സംഗമേശ്വറിലെ ക്യാംപിലെത്തി മന്ത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

'തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല' അല്ലെങ്കില്‍ 'തന്റെ സഞ്ചാര സ്വതന്ത്രം തടയാന്‍ ധൈര്യമുണ്ടെങ്കില്‍ കാണട്ടെ' എന്ന വെല്ലുവിളിക്ക് പിന്നാലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഉദ്ധവ് താക്കറെയ്ക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ വര്‍ഷം പോലും അറിയില്ല. ഒരു പ്രസംഗത്തില്‍ അദ്ദേഹം അത് മറന്നുപോയി. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ തല്ലുമായിരുന്നു എന്നായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പ്രസ്താവന.

പരാമര്‍ശത്തിനെതിരെ രണ്ട് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതിന് പിന്നാലെ തനിക്കെതിരേ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പോലിസ് അറസ്റ്റ് ചെയ്യുന്നത്.

അതേസമയം പ്രസംഗം വിവാദമായതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരും ശിവസേന പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. ഇന്നും നാരായണ്‍ റാണെയുടെ വസതിക്ക് സമീപം രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ നാരായണ്‍ റാണെയ്ക്ക് എതിരെ ശിവസേന പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു.


Tags:    

Similar News