മഹാരാഷ്ട്രയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 5000 കര്‍ഷകര്‍
മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 5000 കര്‍ഷകര്‍ ജീവനൊടുക്കിയതായി റിപോര്‍ട്ട്. ഡിവിഷന്‍ കമ്മീഷണറുടെ ഓഫീസ് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മുതല്‍ ഇന്നുവരെ 5,075 ആത്മഹത്യകളാണ് റിപോര്‍ട്ട് ചെയ്തത്. 2025ല്‍ മാത്രം 1,129 ആത്മഹത്യയാണ് രേഖപ്പെടുത്തിയത്.
അമിത മഴ മൂലമുള്ള വെള്ളപൊക്കവും വിളനാശവും കാരണമാണ് കര്‍ഷകര്‍ ജീവനൊടുക്കിയതെന്നാണ് റിപോര്‍ട്ട്. 2021ല്‍ 887 മരണം, 2022ല്‍ 1,023, 2023ല്‍ 1,088, 2024ല്‍ 948, 2025ല്‍ 1,129 എന്നിങ്ങനെയാണ് അഞ്ചു വര്‍ഷത്തെ കണക്കുകള്‍. 2025ല്‍ ബീഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുള്ളതെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 256 മരണങ്ങളാണ് ബീഡ് ജില്ലയില്‍ രേഖപ്പെടുത്തിയത്. പരുത്തി, കരിമ്പ് തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കിടയിലാണ് മരണസംഖ്യ കൂടുന്നതെന്നും റിപോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കം ഈ പ്രദേശത്ത് കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മറാത്ത്‌വാഡയുടെ ചില ഭാഗങ്ങളില്‍ കാലം തെറ്റിയ മഴയാണ് ലഭിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. 125 മുതല്‍ 150 ശതമാനം വരെ അധിക മഴ ലഭിച്ചിരുന്നെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.