'ഉടന്‍ രാജ്യം വിടുക, അല്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ നിങ്ങളെ പുറത്താക്കും'; ഭീഷണിയുമായി നവ നിര്‍മാണ്‍ സേന

അനധികൃത കുടിയേറ്റത്തിനെതിരെ എംഎന്‍എസ് ഈ മാസം ഒന്‍പതിന് കൂറ്റന്‍ റാലി നടത്തുമെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നഗരമധ്യത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Update: 2020-02-04 13:00 GMT

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ഭീഷണിയുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ട് പോകണമെന്നും ഇല്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ പുറത്താക്കുമെന്നുമാണ് രാജ് താക്കറെയുടെ ഭീഷണി. മുംബൈ പനവേലിലാണ് കൂറ്റന്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

സ്വയം മടങ്ങി പോകാന്‍ മടികാണിക്കുന്ന അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞു കയറ്റക്കാരെയും എംഎന്‍എസിന്റെ ശൈലിയില്‍ പുറത്താക്കുമെന്നും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അനധികൃത കുടിയേറ്റത്തിനെതിരെ എംഎന്‍എസ് ഈ മാസം ഒന്‍പതിന് കൂറ്റന്‍ റാലി നടത്തുമെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നഗരമധ്യത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈയില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് എംഎന്‍എസ് നേതാവ് മഹേഷ് ജാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണിന്റെ മക്കള്‍ വാദവുമായി ശിവ സേന മേധാവി ബാല്‍ത്താക്കറെ മുംബൈയില്‍ കലാപം അഴിച്ചുവിട്ടിരുന്നു. മലയാളികളടക്കം ആയിരങ്ങളേയാണ് അന്ന് മഹാരാഷ്ട്രയില്‍ നിന്ന് പുറത്താക്കിയത്. ഈ കലാപത്തെ ഓര്‍മപ്പെടുത്തും വിധമാണ് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ ഇപ്പോഴത്തെ ഭീഷണി.

Tags:    

Similar News