മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്നത് ഞണ്ടുകള്‍ മൂലമെന്ന് മന്ത്രി

ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതെന്നും മന്ത്രി പറഞ്ഞു.

Update: 2019-07-05 04:22 GMT

മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്നത് ഞണ്ടുകള്‍ മൂലമാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. രത്‌നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചിരുന്നു. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ഇവിടെ ചോര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സാവന്ത് പറഞ്ഞു.

നിര്‍മാണം മോശമായതിനെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സമീപവാസികളില്‍ നിന്ന് തനിക്ക് അങ്ങനൊരു വിവരം കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിനിടെ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 12 ഓളം വീടുകള്‍ അപകടത്തില്‍ ഒലിച്ചു പോയിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു എന്‍ഡിആര്‍എഫ് സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

Tags:    

Similar News