യുപിയില്‍ കന്നുകാലികളെ കൊണ്ടുപോയ വാഹനത്തിനു നേരെ ആക്രമണവും വെടിവയ്പും; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്കു പരിക്ക്

ഹാഥ്‌റസില്‍ നിന്നുള്ള വഴിമധ്യേ കൊല്ലപ്പെട്ടത് ബുലന്ദ്ഷഹര്‍ സ്വദേശി ഷേര്‍ ഖാന്‍

Update: 2021-06-04 18:44 GMT

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന വാഹനത്തിനു നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തിലും വെടിവയ്പിലും ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്ക്. ബുലന്ദ് ഷഹറില്‍ നിന്നുള്ള ഷേര്‍ ഖാനെ(50)യാണ് വെടിവച്ചു കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനമായ ലഖ്‌നൗയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ മഥുരയിലാണ് സംഭവം. ഹാഥ്‌റസ് ജില്ലയില്‍ നിന്നു വാഹനത്തില്‍ കന്നുകാലികളെ സമീപസംസ്ഥാനമായ ഹരിയാനയിലേക്കു കൊണ്ടുപോവുന്നതിനിടെയാണ് ഗോസംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ സംഘം ആള്‍ക്കൂട്ട ആക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ സുമോറ വില്ലേജിലെത്തിയപ്പോള്‍ അജ്‌നാഖ് വില്ലേജില്‍ ഗോശാല നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ബാബ എന്നു വിളിക്കുന്ന ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. കന്നുകാലികളെ മോഷ്ടിച്ചുകൊണ്ടുപോവുന്നുവെന്ന് പറഞ്ഞാണ് ആക്രമണം. ഹരിയാനയിലെ മേവാത്ത് പ്രദേശത്തേക്ക് കാലികളെ കടത്തിക്കൊണ്ടുപോവുന്നുവെന്നായിരുന്നു ആരോപണം. ഇതിനിടെ വെടിയുതിര്‍ത്തപ്പോഴാണ് ഷേര്‍ ഖാന്‍ കൊല്ലപ്പെട്ടത്.

    'പ്രദേശവാസികളും കന്നുകാലികളെ കൊണ്ടുപോവുന്നവരും തമ്മിലുള്ള തര്‍ക്കത്തിനിടെ പരസ്പരം വെടിവച്ചെന്നും ഇതിനിടെയാണ് ഷേര്‍ ഖാന്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചതെന്നും മഥുര എസ്പി (ഗ്രാമീണ) ശിരീഷ് ചന്ദ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തോടപ്പമുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ കസ്റ്റഡിയിലെടുക്കുകയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അര ഡസന്‍ കന്നുകാലികളെ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും വാഹനം പിടിച്ചെടുത്തതായും പോലിസ് പറഞ്ഞു. പരിക്കേറ്റ മൂന്നുപേരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പോലിസിന് കൈമാറുകയായിരുന്നു. അതേസമയം, ചന്ദ്രശേഖര്‍ എന്ന ബാബയ്ക്ക് എങ്ങനെയാണ് കന്നുകാലികളെ കൊണ്ടുപോവുന്ന വിവരം അറിഞ്ഞതെന്നും ഇത്ര പെട്ടെന്ന് ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നതായും പോലിസ് പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.

lynched by mob in Mathura accused 'cattle smuggler'



Tags:    

Similar News