കശ്മീര്‍ വിഭജന ബില്‍: പ്രതിഷേധിച്ച ടിഎന്‍ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ ശാസന

Update: 2019-08-06 05:54 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞു പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ശാസന. കഴിഞ്ഞദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങല്‍ പരിശോധിച്ച സ്പീക്കര്‍ ഇന്നു രാവിലെ ഇരുവരെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയാണ് ശാസിച്ചത്.

കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടിഎന്‍ പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്.

പ്രമേയം കീറിയെറിഞ്ഞു പ്രതിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. 

Tags: