സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റച്ചട്ടം: മാനദണ്ഡങ്ങള്‍ ഇന്ന് സമര്‍പ്പിച്ചേക്കും

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാമൂഹിക മാധ്യമങ്ങളിലെ നിയന്ത്രണത്തെ കുറിച്ചും വ്യക്തമായ നിലപാട് അറിയിച്ചിരുന്നു

Update: 2019-03-19 18:51 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഇനിയെല്ലാ തിരഞ്ഞെടുപ്പുകളിലും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്റര്‍നെറ്റ് കമ്പനികളോടും സാമൂഹികമാധ്യമങ്ങളോടും ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായും വിവിധ സാമൂഹിക മാധ്യമ സേവനങ്ങളുടെ പ്രതിനിധികളുമായും നടത്തിയ യോഗത്തിലാണ് തീരുമാനം. കമ്മീഷന്‍ നിര്‍ദേശം കമ്പനികളും സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ കമ്പനികള്‍ പെരുമാറ്റ മാനദണ്ഡങ്ങള്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ദുരുപയോഗം യോഗം ചര്‍ച്ച ചെയ്തു. വ്യാജവാര്‍ത്ത തടയല്‍, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവിലെ സുതാര്യത ഉറപ്പാക്കല്‍, പരാതി പരിഹാര സംവിധാനം രൂപീകരിക്കല്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ സ്വമേധയാ ഉള്ള നിയന്ത്രണങ്ങളാണ് സംസ്‌കാരസമ്പന്നമായ ജനതയുടെ മുഖമുദ്രയെന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ യോഗത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാമൂഹിക മാധ്യമങ്ങളിലെ നിയന്ത്രണത്തെ കുറിച്ചും വ്യക്തമായ നിലപാട് അറിയിച്ചിരുന്നു.




Tags:    

Similar News