മോദിക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിരുന്നോ?; സംഘപരിവാര പ്രചാരണം തള്ളി സുഹാസിനി

സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 'ജയ് ശ്രീറാം' എന്നത് കൊലവിളിയായി മാറിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2019-07-29 05:03 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 49 പ്രമുഖര്‍ ഒപ്പിട്ട അയച്ച കത്തില്‍ സംവിധായകന്‍ മണിരത്‌നം ഒപ്പിട്ടിട്ടില്ലെന്ന സംഘപരിവാര പ്രചാരണം പൊളിച്ചടക്കി പ്രമുഖ നടിയും മണിരത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനി. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സംവിധായകന്‍ മണിരത്‌നം ഒപ്പിട്ടിട്ടില്ല എന്ന വാര്‍ത്ത പങ്കുവച്ച ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു സുഹാസിനി.

മണിരത്‌നം എഫ്‌സി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഒപ്പിട്ടിട്ടില്ല എന്ന തരത്തിലുള്ള ട്വീറ്റ് വന്നിരിക്കുന്നത്. ആ ട്വീറ്റുമായി സംവിധായകന്‍ മണിരത്‌നത്തിന് യാതൊരു ബന്ധവുമില്ലെന്ന് സുഹാസിനി പറഞ്ഞു.


മണിരത്‌നത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സുഹാസിനി ട്വീറ്റ് ചെയ്തു. മണിരത്‌നം എഫ്.സി.എന്ന അക്കൗണ്ടുമായി സംവിധായകന്‍ മണിരത്‌നത്തിന് യാതൊരു ബന്ധവുമില്ലെന്നും മണിരത്‌നത്തിന്റേത് എന്ന് പറഞ്ഞ് ഇത്തരം ട്വീറ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും സുഹാസിനി ട്വീറ്റില്‍ പറയുന്നുണ്ട്.

സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 'ജയ് ശ്രീറാം' എന്നത് കൊലവിളിയായി മാറിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാമന്‍ എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും 23ാം തീയതി അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി, മണിരത്‌നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

'ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളില്‍ അതിയായ ഉത്കണ്ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കണം,' കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തില്‍ ഒപ്പുവച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നടത്തിയ ഭീഷണി നേരത്തെ വാര്‍ത്തയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയുണ്ടായി.

Tags:    

Similar News