വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല - ഇസ്രായേല്‍ സംഘര്‍ഷം; സൈന്യത്തെ ആക്രമിച്ച് ഹിസ്ബുല്ല; ഷെല്ലാക്രമണവുമായി ഇസ്രായേല്‍ സൈന്യം

സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി ഹിസ്ബുല്ല പോരാളികള്‍ ഇസ്രായേല്‍ സൈന്യത്തിനുനേരെ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്.

Update: 2020-07-27 15:59 GMT

തെല്‍അവീവ്: ലബനാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല ഇസ്രായേല്‍ സംഘര്‍ഷം. സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി ഹിസ്ബുല്ല പോരാളികള്‍ ഇസ്രായേല്‍ സൈന്യത്തിനുനേരെ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഇസ്രായേലിലെ എന്‍ 12 ടിവി റിപോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയുടെ ഇരുവശത്തുനിന്നും ഉഗ്ര സ്‌ഫോടനം കേട്ടതായി എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.മേഖലയിലെ ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈനികര്‍ പങ്കാളികളാണെന്ന് ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) അറിയിച്ചു. ലബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ തങ്ങളുടെ പൗരന്‍മാരോട് വീടുകളില്‍ തന്നെ കഴിയാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രധാന റോഡുകള്‍ അടച്ച ഇസ്രായേല്‍ സൈന്യം അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

തെല്‍അവീവ് ഭരണകൂടം 'സങ്കീര്‍ണമായ ഒരു സംഭവത്തിനിടയിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടിയായി ഹിസ്ബുല്ല പോരാളികള്‍ ഷെബാ ഫാം പ്രദേശത്ത് ഇസ്രായേല്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഗൈഡഡ് മിസൈല്‍ ഉപയോഗിച്ച് ഹിസ്ബുല്ല പോരാളികള്‍ ഇസ്രായേല്‍ സൈനിക വാഹനം തകര്‍ത്തതായും സൈനികര്‍ കൊല്ലപ്പെട്ടതായും ലബനാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, ആളപായം ഉണ്ടായിട്ടില്ലെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.ലെബനാനില്‍നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു. തെക്കന്‍ ലബനാന്‍ പ്രവിശ്യയായ നബതിഹിലെ കഫര്‍ചൗബ ഗ്രാമത്തില്‍ ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തിവരികയാണെന്ന് പ്രാദേശിക അറബി ചാനലായ അല്‍മനാര്‍ റിപോര്‍ട്ട് ചെയ്തു.

അതേസമയം, ഇരുവിഭാഗവും പരമാവധി സംയമനം പാലിക്കണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും ലബനനിലെ യുഎന്‍ സൈന്യം ആവശ്യപ്പെട്ടു. തിങ്കളാഴ്ച സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ അലി കമല്‍മുഹ്‌സിന്‍ കൊല്ലപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു.

ഡമസ്‌കസിന് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു അംഗങ്ങള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ സപ്തംബറില്‍ അധിനിവേശ പ്രദേശങ്ങളിലേക്ക് ഹിസ്ബുല്ല പോരാളികള്‍ ടാങ്ക് വേദ മിസൈലുകള്‍ തൊടുത്തിരുന്നു.


Tags: