ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണം; ജെഎന്‍യു വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചിനെതിരേ പോലിസില്‍ അഭിഭാഷകന്റെ പരാതി

Update: 2021-12-08 05:52 GMT

ന്യൂഡല്‍ഹി: അയോധ്യയില്‍ ഹിന്ദുത്വര്‍ തകര്‍ത്ത ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്റെ (ജെഎന്‍യുഎസ്‌യു) ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിനെതിരേ പോലിസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് പരാതി നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ച്ചയെ ആസ്പദമാക്കിയുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു ഭരണകൂടം അനുമതി നല്‍കാതിരുന്നതിന് ശേഷവും കാംപസില്‍ തിങ്കളാഴ്ച പ്രദര്‍ശനം സംഘടിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിനായി പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരിലും ഐപിസി 121, 124എ, 153, 153എ, 298, 505 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ഡല്‍ഹി പോലിസിന് നല്‍കിയ പരാതിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്. ബാബറി മസ്ജിദിന് ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം കാശിയാണെന്നും അവര്‍ (ബിജെപി) അതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും പ്രതിഷേധ മാര്‍ച്ചില്‍ സംസാരിച്ച ജെഎന്‍യുഎസ്‌യു പ്രസിഡന്റ് ഐഷി ഘോഷ് അഭിപ്രായപ്പെട്ടിരുന്നു.

ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തോടെ മാത്രമേ നീതി ലഭ്യമാവുകയുള്ളൂവെന്ന് ജെഎന്‍യുഎസ്‌യു വൈസ് പ്രസിഡന്റ് സാകേത് മൂണും പറഞ്ഞു. സുപ്രിംകോടതി വിധിക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെതിരേ ജനങ്ങളെ പ്രകോപിപ്പിക്കാനും പ്രേരിപ്പിക്കാനുമാണ് പ്രതിഷേധത്തിലൂടെ സംഘാടകരുടെ ഉദ്ദേശമെന്ന് ഈ പ്രസ്താവനകള്‍ വ്യക്തമാക്കുന്നരായി പരാതിയില്‍ പറയുന്നു. സുപ്രിംകോടതി ഉത്തരവനുസരിച്ച് രാമക്ഷേത്ര നിര്‍മാണ പ്രക്രിയ മുന്നോട്ടുപോവുമ്പോള്‍, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കാന്‍ സംഘടിപ്പിച്ച അത്തരമൊരു പരിപാടി ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയെ ചോദ്യം ചെയ്യുന്നതാണ്.

ഇത് കോടതി വിധിയെ അപലപിക്കുക മാത്രമല്ല, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയായ നമ്മുടെ ഭരണഘടനയുടെ മതേതര സ്വഭാവത്തെ ചോദ്യം ചെയ്യുക കൂടിയാണ്. അതേസമയം, രാജ്യത്തെ പൗരന്‍മാര്‍ കോടതി വിധി അംഗീകരിച്ചതോടെ അണയാന്‍ പോവുന്ന തീയില്‍ കൂടുതല്‍ ഇന്ധനം നിറയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ഇത്തരം പ്രതിഷേധങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സാമുദായിക ഭിന്നതയുണ്ടാക്കാനും അസ്വാരസ്യം സൃഷ്ടിക്കാനും വഴിവയ്ക്കുമെന്നും പരാതിയില്‍ ആരോപിക്കുന്നു.

Tags:    

Similar News