ഗോവയില്‍ അഡ്വ.അമിത് പലേക്കര്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

Update: 2022-01-19 08:21 GMT

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗോവയില്‍ അഡ്വ.അമിത് പലേക്കറെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. ഗോവയിലെ 40 നിയമസഭാ സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പനാജിയില്‍ നടന്ന ചടങ്ങില്‍ പലേക്കര്‍ കെജ്‌രിവാളിനെ ആലിംഗനം ചെയ്തു. എഎപി എംഎല്‍എ അതിഷിയും ചടങ്ങില്‍ പങ്കെടുത്തു.

ഗോവ ഒരു മാറ്റം ആഗ്രഹിക്കുന്നു. തീരദേശത്ത് ആം ആദ്മി പാര്‍ട്ടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡല്‍ഹി മോഡല്‍ ഭരണത്തില്‍ ജനങ്ങള്‍ മതിപ്പുളവാക്കുന്നു- കെജ്‌രിവാള്‍ പറഞ്ഞു. ഇത്തവണ സംസ്ഥാനത്തുടനീളം പുതുമുഖങ്ങള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബറില്‍ എഎപിയില്‍ ചേര്‍ന്ന അമിത് പലേക്കര്‍ ഭണ്ഡാരി സമുദായത്തില്‍നിന്നുള്ള നേതാവാണ്. സെന്റ് ക്രൂസ് മണ്ഡലത്തില്‍നിന്നാണ് പലേക്കര്‍ മല്‍സരിക്കുന്നത്. പിന്നാക്ക വിഭാഗമായ ഭണ്ഡാരി സമുദായത്തില്‍നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമെന്ന വാഗ്ദാനം നിറവേറ്റുകയാണ് ആം ആദ്മി ചെയ്തിരിക്കുന്നത്.

അടുത്ത കാലത്ത് പഴയ ഗോവയിലെ യുനെസ്‌കോ സംരക്ഷിത പ്രദേശത്ത് ബിജെപി വക്താവ് എം സി ഷൈന നിര്‍മിച്ച അനധികൃത ബംഗ്ലാവിനെതിരേ അമിത് പലേക്കര്‍ നിരാഹാര സമരം നടത്തിയിരുന്നു. ഈ സമരത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഹിന്ദു മതത്തിലെ ഭൂരിപക്ഷ വിഭാഗമാണ് ഭണ്ഡാരി. സംസ്ഥാന ജനസംഖ്യയില്‍ 35 ശതമാനം വരുന്നതാണ് ഭണ്ഡാരി സമുദായം. ഈ സമുദായത്തില്‍നിന്ന് രവി നായിക് മാത്രമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.

രവി നായിക് രണ്ടര വര്‍ഷം ഭരണം നടത്തി. അമിത് പലേക്കറെ കൂടാതെ പ്രതിമ കുട്ടീഞ്ഞോ, വാല്‍മീകി നായിക് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉയര്‍ന്നുവന്നിരുന്നു. ഭരണം ലഭിച്ചാല്‍ പ്രതിമ കുട്ടീഞ്ഞോ ഉപ മുഖ്യമന്ത്രിയാവുമെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ലോക്‌സഭാ എംപി ഭഗവന്ദ് മന്നിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആം ആദ്മി പാര്‍ട്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News