പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 11 കി.ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

എക്‌സൈസ് തീരദേശ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കെട്ടുങ്ങല്‍ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റ പുരക്കല്‍ വീട്ടില്‍ സഹല്‍ എന്ന അജേഷ് (വയസ് 25) നെ പിടികൂടിയത്

Update: 2021-01-13 07:03 GMT

പരപ്പനങ്ങാടി: 11 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് തീരദേശ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കെട്ടുങ്ങല്‍ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റ പുരക്കല്‍ വീട്ടില്‍ സഹല്‍ എന്ന അജേഷ് (വയസ് 25) നെ പിടികൂടിയത്. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തീരദേശ ഭാഗങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമാകുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗങ്ങളില്‍ കഞ്ചാവെത്തിക്കുന്നവരെക്കുറിച്ചും ചിറമംഗലം, കെട്ടുങ്ങല്‍ ഭാഗങ്ങളിലെ കഞ്ചാവ് ചില്ലറ വില്‍പനക്കാരെക്കുറിച്ചും കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം ചിറമംഗലത്ത് വെച്ച് ചില്ലറ വില്‍പനക്കിടെ നെടുവ തിരിച്ചിലങ്ങാടി സ്വദേശി റഷീദിനെ 50 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. തീരദേശ ഭാഗത്തുള്ള കൂടുതല്‍ ലഹരി വിതരണക്കാരെക്കുറിച്ച് വിവരം ലഭിച്ചതായും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, സാഗിഷ്, പ്രദീപ് എ പി, നിതിന്‍ ചോമാരി, അനില്‍, വനിത ഓഫീസര്‍മാരായ സിന്ധു, ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തു.

Tags:    

Similar News