പുത്തുമല ഉരുള്‍പൊട്ടല്‍: സൈന്യത്തിന്റെ ആദ്യസംഘം എത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ നിരവധി പേരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു എന്ന അവസ്ഥയാണ്.

Update: 2019-08-08 17:32 GMT

കല്‍പ്പറ്റ: വന്‍ നാശം വിതച്ച ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ നിരവധി പേരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു എന്ന അവസ്ഥയാണ്.

രക്ഷാ പ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യവും നടന്നാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇവിടെ എത്ര ആളുകള്‍ കുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല. രക്ഷപ്പെടുത്തിയ പത്ത് പേര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് റിപോര്‍ട്ട്.

ഇവിടെ,തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന രണ്ടു പാടികള്‍ ഒലിച്ചു പോയിട്ടുണ്ട്. 70 ഓളം വീടുകള്‍ മണ്ണിനടിയിലാണെന്ന് രക്ഷപ്പെട്ട യുവാവ് പറഞ്ഞു. കൂടാതെ, പള്ളിയും അമ്പലവും ഒലിച്ചുപോയിട്ടുണ്ട്. മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, കര വ്യോമസേനാ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കി.

വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി എന്ന് കാണിച്ച് നാട്ടുകാര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്നാണ് അപകടത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.


Tags:    

Similar News