ലക്ഷദ്വീപ്: കൃഷി വകുപ്പിലെ തസ്തികകള്‍ 85 ശതമാനവും വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ

Update: 2021-06-17 18:41 GMT

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനിടെ നടത്തിയ അവലോകന യോഗത്തില്‍ കൃഷി വകുപ്പിലെ തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ. കാര്‍ഷിക വകുപ്പിന്റെ 31 സാങ്കേതിക തസ്തികകള്‍ നിര്‍ത്തലാക്കാനും 8 തസ്തികകള്‍ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനുമാണ് യോഗത്തിലുണ്ടായ ശുപാര്‍ശയെന്നാണു വിവരം. ഇതിനു പുറമെ 176 എംഎസ്ഇ തസ്തികകള്‍ കൃഷി വകുപ്പില്‍ നിന്ന് വേര്‍പെടുത്തി പൊതുഭരണ വകുപ്പിനു കീഴിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ കൃഷി വകുപ്പിലെ ആകെ ജീവനക്കാരുടെ എണ്ണം 252ല്‍ നിന്ന് 37 ആയി കുറച്ച് 85 ശതമാനം തസ്തികകളും വെട്ടിക്കുറയ്ക്കാനാണ് അവലോകന സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. അവലോകന സമിതിയുടെ ശുപാര്‍ശയ്ക്കു നാളെ അംഗീകാരം ലഭിച്ചേക്കുമെന്നാണു റിപോര്‍ട്ട്. ഭീകാറാം മീണ, സുശീല്‍ സിങ്, ഒ പി മിശ്ര എന്നിവര്‍ അംഗങ്ങളായ ഡല്‍ഹി, ആന്തമാന്‍ നിക്കോബാര്‍ അയലന്റ്‌സ് സിവില്‍ സര്‍വീസ്(ഡിഎന്‍ഐഎസി) ഉദ്യോഗസ്ഥരാണ് അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നത്. ലക്ഷദ്വീപിന്റെ വികസനം സംബന്ധിച്ച് ഇന്ന് സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

    നേരത്തേ വിവിധ ജനവിരുദ്ധ നടപടികളും കുടിയൊഴിപ്പിക്കല്‍ നടപടികളും കാരണം അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ ലക്ഷദ്വീപില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ രണ്ടു ദിവസത്തിനു ശേഷം സന്ദര്‍ശനം വെട്ടിച്ചുരുക്കിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ, വിവിധ ഉദ്യോഗസ്ഥ യോഗങ്ങളിലും മറ്റും അദ്ദേഹം പങ്കെടുത്തിരുന്നു. വികനത്തിന്റെ പേരില്‍ നടത്തുന്ന ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസികളെ സാംസ്‌കാരികമായും സാമൂഹികമായും കുടിയൊഴിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന വിമര്‍ശനമാണുയരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണ അജണ്ടകളാണ് ലക്ഷദ്പീല്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.

Lakshadweep: It has been recommended to reduce the posts in the agriculture department by 85 per cent




Tags:    

Similar News