ലക്ഷദ്വീപ്: അനുനയ നീക്കത്തിനു തുടക്കത്തിലേ തിരിച്ചടി; ചര്‍ച്ച ബഹിഷ്‌കരിച്ചു

കല്‍പ്പേനി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് സര്‍വകക്ഷി യോഗം ഇറങ്ങിപ്പോയത്

Update: 2021-06-03 14:14 GMT
കവരത്തി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുന്ന ലക്ഷദ്വീപില്‍ അനുനയത്തിനുള്ള അധികൃതരുടെ നീക്കങ്ങള്‍ക്ക് തുടക്കത്തിലേ തിരിച്ചടി. ഇന്നു വൈകീട്ട് അഞ്ചിനു പഞ്ചായത്ത് അംഗങ്ങളെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാരവാഹികളെയും വിളിച്ചുചേര്‍ത്ത് നടത്തിയ യോഗം സര്‍വകക്ഷി ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചു. കല്‍പ്പേനി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ദ്വീപിന്റെ ചുമതലയുള്ള ഐഎഎസ് ഓഫിസറായ വിജേന്ദ്ര സിങ് റാവട്ട് വിളിച്ചുചേര്‍ത്ത ചര്‍ച്ചയാണ് ദ്വീപ് നിവാസികള്‍ ബഹിഷ്‌കരിച്ചത്.

    പഞ്ചായത്ത് അംഗങ്ങളെയും ദ്വീപിലെ എല്ലാ പാര്‍ട്ടി പ്രസിഡന്റ്, സെക്രട്ടറിമാരെയുമാണ് ചര്‍ച്ചയ്ക്കു വിളിച്ചത്. യോഗം തുടങ്ങിയ ഉടനെ കല്‍പ്പേനി പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ എഴുന്നേറ്റ് നിന്നു അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നീക്കങ്ങള്‍ പിന്‍വലിക്കുകയും ദ്വീപുകാരെയും പ്രത്യേകിച്ച് കില്‍ത്താന്‍ ദ്വീപിനെ മാധ്യമങ്ങളിലൂടെ അപമാനിച്ച കലക്ടര്‍ അസ്‌കര്‍ അലി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. രണ്ട് നടപടികളും സ്വീകരിക്കാതെ യാതൊരു വിധ ചര്‍ച്ചയ്ക്കും ഞങ്ങളില്ലെന്നും ഒറ്റക്കെട്ടായി ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയാണെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ്, എന്‍സിപി, ബിജെപി, ജെഡിയു, സിപി ഐ, സിപിഎം ഭാരവാഹികളെല്ലാം തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു. പഞ്ചായത്ത് തീരുമാനിച്ച പ്രതിഷേധങ്ങളെ കുറിച്ച് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനും കലക്ടര്‍ക്കുമെതിരേ ഗോബാക്ക് വിളിച്ചാണ് ദ്വീപ് നിവാസികള്‍ യോഗവോദി വിട്ടിറങ്ങിയത്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ദ്വീപുകളിലേക്ക് വിവിധ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

Lakshadweep: Discussion boycotted




Tags:    

Similar News