കൊവിഡിന്റെ പേരില്‍ ലക്ഷദ്വീപില്‍ നിരോധനാജ്ഞ; ജുമുഅ നമസ്‌കാരം വിലക്കി

Update: 2022-01-07 12:51 GMT

കവരത്തി: കൊവിഡിന്റെ പേരുപറഞ്ഞ് ലക്ഷദ്വീപില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേഷന്‍ വീണ്ടും രംഗത്ത്. ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധനാലയങ്ങളില്‍ പോവുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇന്ന് ദ്വീപിലെവിടിയെും ജുമുഅ നമസ്‌കാരം അനുവദിച്ചില്ല. കൊവിഡ് വ്യാപനമില്ലാത്ത ലക്ഷദ്വീപില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൂജ്യമാണ്. എന്നിട്ടും ലക്ഷദ്വീപില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധം തടയാനാണ് അഡ്മിനിസ്‌ട്രേഷന്റെ നീക്കമെന്ന് ദ്വീപ് നിവാസികള്‍ കുറ്റപ്പെടുത്തി. ഇന്നലെ മുതലാണ് ദ്വീപില്‍ പൂര്‍ണമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നാലുപേരിലധികം പേര്‍ കൂടുന്നതിന് വിലക്കുണ്ടെന്നാണ് ജില്ലാ കലക്ടര്‍ അസ്‌കര്‍ അലിയുടെ ഉത്തരവിലുള്ളത്. കൂടാതെ രാത്രി 9 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂവും നിലനില്‍ക്കും. അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവര്‍ത്തനം തുടരും. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്നതിന് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കിയില്ല. കവരത്തി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളില്‍ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് ആളുകളെത്തിയിരുന്നു. ഇവിടങ്ങളില്‍ പോലിസെത്തി പള്ളികളടപ്പിച്ചു.

നമസ്‌കാരാത്തിനെത്തിയവരെ പോലിസ് തടയുകയും ചെയ്തു. പോലിസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമുഅ നമസ്‌കാരം തടസ്സപ്പെട്ടു. ഇതോടെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് പിരിഞ്ഞുപോയത്. ഒരു ഇടവേളയ്ക്കുശേഷമാണ് ദ്വീപില്‍ വീണ്ടും കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. രാജ്യത്ത് ഓമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്നോണമാണ് ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ലക്ഷദ്വീപില്‍ കൊവിഡ് പോസിറ്റീവായി നാല് സജീവ കേസുകള്‍ മാത്രമാണുള്ളത്.

ടിപിആര്‍ നിരക്ക് പൂജ്യവുമാണ്. ഒമിക്രോണ്‍ കേസുകളും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരിക്കെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാനാണെന്ന് നാട്ടുകാര്‍ ആവര്‍ത്തിക്കുന്നു. പ്രതിഷേധ പരിപാടികള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യവും ലക്ഷദ്വീപിലുണ്ട്. അഡ്മിനിസ്‌ട്രേഷന്റെ തെറ്റായ നടപടികള്‍ ലക്ഷദ്വീപില്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന 21ഓളം ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസമാണ് ഭരണകൂടം കൂട്ടത്തോടെ പിരിച്ചുവിട്ടത്. എല്ലാ മേഖലയിലും വിവാദ ഉത്തരവുകള്‍ നടപ്പാക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ക്കെതിരേ വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ ഇവിടെ നടന്നിരുന്നു. പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.

Tags:    

Similar News