രാജ്യദ്രോഹക്കേസ്: ഐഷാ സുല്‍ത്താനയുടെ മുന്‍ കൂര്‍ ജാമ്യഹരജിയെ എതിര്‍ത്ത് പോലിസ്

ഐഷ സുല്‍ത്താനയക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് പറഞ്ഞു.പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടതെന്നും പോലിസ് വ്യക്തമാക്കി

Update: 2021-06-16 13:46 GMT

കൊച്ചി: ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന സമര്‍പ്പിച്ച മുന്‍ കൂര്‍ ഹരജിയെ എതിര്‍ത്ത് ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍.ഐഷ സുല്‍ത്താനയക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് പറഞ്ഞു.

പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടത്. ഐഷയ്‌ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ്.മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്നും ലക്ഷദ്വീപ് പോലീസ് വ്യക്തമാക്കി.ഐഷ സുല്‍ത്താനയുടെ ഹരജി നാളെ കോടതി പരിഗണിക്കും.കേസില്‍ കക്ഷി ചേരാന്‍ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിച്ചിട്ടുണ്ട്. ഇതും നാളെ കോടതി പരിഗണിച്ചേക്കും.

ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍(ജൈവായുധം) എന്ന വാക്ക് ഐഷ സുല്‍ത്താന പ്രയോഗിച്ചിരുന്നു. സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ആരോപണവുമായി സംഘപരിവാര്‍ രംഗത്ത് വരികയും ഐഷ സുല്‍ത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് ആ വാക്കുകള്‍ പറഞ്ഞതെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന ഇതിന് വിശദീകരണമായി പറഞ്ഞിരുന്നു.എന്നാല്‍ കവരത്തി പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തി ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കേസുമായി ബന്ധപ്പട്ടു പോലിസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നോട്ടിസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യഹരജിയുമായി ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പദപ്രയോഗം കൊണ്ടു അസഹിഷ്ണുതയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഐഷ സുല്‍ത്താന ഹരജിയില്‍ പറയുന്നു.തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ല. ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ഹരജിയില്‍ പറയുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്നു സുപ്രിംകോടതി ഈ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News