ലക്കിടി വെടിവയ്പ്: അന്വേഷണ റിപോര്‍ട്ട് വരുമ്പോള്‍ പറയാമെന്ന് കാനം

വടകരയില്‍ സിപിഐ പിന്താങ്ങുന്നത് അക്രമരാഷ്ട്രീയത്തെയല്ല. മറിച്ച് ഇടതുപക്ഷ സ്ഥാനാര്‍ഥിയെയാണ്.

Update: 2019-03-09 16:34 GMT

മലപ്പുറം: ലക്കിടിയില്‍ മാവോവാദി സി പി ജലീലിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് അന്വേഷണ റിപോര്‍ട്ട് പുറത്തു വരുമ്പോള്‍ പറയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സാമൂഹികപ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. അവര്‍ ഉയര്‍ത്തുന്നു എന്നതു കൊണ്ടു മാത്രം അതിനെ അവഗണിക്കരുത്. മാവോവാദികളുടെ മാര്‍ഗത്തെ മാത്രമല്ല, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും സിപിഐ അംഗീകരിക്കുന്നില്ല. യുഎപിഎ പോലുള്ളത് കരിനിയമങ്ങളാണെന്ന് ഇടതുപാര്‍ട്ടികള്‍ നേരത്തേ പൊതുനിലപാടെടുത്തിരുന്നു. നിലമ്പൂരില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ സംശയം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സുപ്രിംകോടതി നിര്‍ദേശം അനുസരിച്ചുള്ള മജിസ്‌ട്രേറ്റ്തല അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ സിപിഐ പിന്താങ്ങുന്നത് അക്രമരാഷ്ട്രീയത്തെയല്ല. മറിച്ച് ഇടതുപക്ഷ സ്ഥാനാര്‍ഥിയെയാണ്. സിപിഐ എല്ലാകാലത്തും അക്രമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സിപിഎമ്മും അക്രമത്തിലുള്‍പ്പെട്ടവരെ പുറത്താക്കിയിട്ടുണ്ട്. പരിസ്ഥിതിനിയമം ലംഘിച്ചെന്നും കൈയേറ്റം നടത്തിയെന്നും ആരോപിക്കപ്പെടുന്ന പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മല്‍സരിക്കാന്‍ അയോഗ്യതയുള്ളവരുടെ പട്ടികയില്‍ അന്‍വര്‍ ഉള്‍പ്പെട്ടിട്ടില്ലല്ലോയെന്നായിരുന്നു മറുപടി.




Tags:    

Similar News