ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: കേന്ദ്ര മന്ത്രിയുടെ മകനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Update: 2021-10-11 13:44 GMT

ന്യൂഡല്‍ഹി: ലഖിംപൂരില്‍ വാഹനമിടിപ്പിച്ച് കര്‍ഷകരെ കൂട്ടക്കൊല ചെയ്ത കേസില്‍ അറസ്റ്റിലായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ 12 മണിക്കൂര്‍ ആശിഷിനെ ചോദ്യം ചെയ്തതിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാന്റ് ചെയ്ത പ്രതിയെ ഇന്ന് പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ സമയത്ത് ആശിഷ് ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. സംഘര്‍ഷസമയത്ത് സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിച്ചത്. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പടെ എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയത്.

ലഖിംപൂര്‍ സംഭവത്തില്‍ മന്ത്രി പുത്രനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു യു പി സര്‍ക്കാര്‍. എന്നാല്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ സര്‍ദാര്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര ആവശ്യപ്പെട്ടിരുന്നു. ദേശീയ തലത്തില്‍ വിഷയം സജീവമായി തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ മകനെതിരില്‍ കേസെടുക്കാന്‍ യു പി പോലിസ് തയ്യാറായത്.

അതേസമയം, ലഖിംപൂര്‍ ഖേരി അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ടയില്‍ ഭരണകക്ഷി ആഹ്വാനം ചെയ്ത ബന്ദില്‍ ചില സ്ഥലങ്ങളില്‍ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് മുംബൈയിലുടനീളമുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ധാരാവി, മന്‍ഖുര്‍ഡ്, ശിവജി നഗര്‍, ചാര്‍ക്കോപ്പ്, ഓഷിവാര, ദിയോനാര്‍, ഇനോര്‍ബിറ്റ് മാള്‍ എന്നിവിടങ്ങളില്‍ ബസുകള്‍ തകര്‍ത്തു. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ കടകളും അടഞ്ഞു കിടന്നു.

Tags:    

Similar News